'ടോക്സിക്' കുട്ടികൾ കാണരുത്, ചിത്രം മുതിർന്നവർക്ക് വേണ്ടിയുള്ളത്- മുന്നറിയിപ്പുമായി യഷ്

തന്റെ പുതിയ ചിത്രമായ 'ടോക്സിക്' കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും നടൻ വ്യക്തമാക്കി. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെയും വയലൻസിനെയും കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് യഷിന്റെ പ്രതികരണം.
ആക്ഷനും വയലൻസിനും ബോൾഡ് രംഗങ്ങൾക്കും പ്രാധാന്യമുള്ള ചിത്രത്തിന്റെ ട്രെയ്ലർ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ കുട്ടികൾക്ക് അനുയോജ്യമല്ലെന്ന മുന്നറിയിപ്പുമായി താരം രംഗത്തെത്തിയത്. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് യഷ് വ്യക്തമാക്കി.
ഇന്ത്യ ടി.വിയുടെ 'ആപ് കി അദാലത്' പരിപാടിയിലാണ് യഷ് ഇതേക്കുറിച്ച് സംസാരിച്ചത്. 'കുട്ടികൾ ചിത്രം കാണരുത്. ഈ സിനിമ കുട്ടികൾക്ക് വേണ്ടിയുള്ളതല്ലെന്ന് വളരെ വ്യക്തമാണ്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് മുതിർന്നവർക്ക് അറിയാം. തങ്ങൾ എന്താണ് കാണേണ്ടതെന്നും എന്താണ് സ്വീകരിക്കേണ്ടതെന്നും ജീവിതത്തിൽ എന്ത് ചെയ്യരുതെന്നും തീരുമാനിക്കാൻ അവർക്ക് കഴിയും,' യഷ് പറഞ്ഞു.
ചിത്രത്തിന്റെ ടാഗ്ലൈൻ 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' എന്നത് തന്നെ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ സൂചനയാണെന്ന് യഷ് ചൂണ്ടിക്കാട്ടി. ട്രെയ്ലറിൽ കാണിക്കുന്ന കാര്യങ്ങൾക്ക് അപ്പുറത്തേക്ക് ആഴത്തിലുള്ള ഒരു കഥ ചിത്രത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യഷ് ഇരട്ട ലുക്കിലാണ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഓഗസ്റ്റ് 26-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Content Highlights: Actor Yash has issued a clear warning stating that his upcoming film Toxic is strictly meant for adults and not suitable for children. Speaking on India TV's Aap Ki Adalat, he addressed the discussions surrounding the film's intense action, violence, and intimate scenes shown in the recently released trailer. Yash emphasized that the movie's tagline, "A Fairy Tale for Grown-ups," reflects its mature themes intended for audiences capable of deciding right from wrong. Directed by Geetu Mohandas, the highly anticipated project features Yash in a dual look alongside a star-studded cast including Kiara Advani, Nayanthara, Tara Sutaria, Huma Qureshi, and Rukmini Vasanth. The film is officially scheduled for its grand theatrical release on August 26.