ഞാൻ ചുംബിച്ചിട്ടുപോലുമില്ല, അശ്ലീലത തെറ്റാണ്; 'ടോക്സിക്' ജെൻ സിക്കുവേണ്ടിയുള്ള സിനിമ- യഷ്

പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ- അപ്സ്' എന്ന സിനിമയ്ക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി നായകൻ യഷ്. ചിത്രത്തിലെ ചില രംഗങ്ങൾ അശ്ലീലത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യഷിന്റെ പ്രതികരണം.
ഇന്ത്യ ടി.വിയുടെ 'ആപ് കി അദാലത്' പരിപാടിയിൽ സംസാരിക്കവെയാണ് സിനിമയിലെ ചില രംഗങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ യഷ് തള്ളിയത്. 'അശ്ലീലത തെറ്റാണ്. ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ മനസ്സിലാകും, ഞാൻ ഒന്ന് ചുംബിക്കുക പോലും ചെയ്തിട്ടില്ല. എല്ലാത്തിനും വ്യക്തമായ അതിർവരമ്പുണ്ട്, അത് ഞങ്ങൾ മനസ്സിലാക്കുന്നു. സിനിമയിൽ സൗന്ദര്യാത്മകമായി വേണം ചിത്രീകരിക്കാൻ. പിന്നീട് കാഴ്ചയിൽ ആകർഷകമായി തോന്നുന്നത് സിനിമയുടെ സ്വാധീനമാണ്. അതാണ് ഒരു സംവിധായകന്റെ ശബ്ദം.' ടോക്സിക് ജെൻ സിക്കു വേണ്ടിയുള്ള ചിത്രമാണെന്നും നടൻ വ്യക്തമാക്കി.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഗാങ്സ്റ്റർ ഡ്രാമയാണ് 'ടോക്സിക്'. കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, നയൻതാര, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ ടീസറും യഷും കിയാര അദ്വാനിയും ഒന്നിച്ചെത്തിയ 'തബാഹി' എന്ന ഗാനവും പുറത്തുവന്നതിന് പിന്നാലെ ചില രംഗങ്ങൾക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഓഗസ്റ്റ് 26-നാണ് 'ടോക്സിക്' തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Content Highlights: Actor Yash clarified his stance regarding the recent controversies surrounding his upcoming film 'Toxic: A Fairy Tale for Grown-ups'. Speaking on India TV's show 'Aap Ki Adalat', he firmly rejected claims that the movie crosses the limits of decency and vulgarity. Yash stated that he hasn't even shot a kissing scene in the movie, emphasizing that the team strictly knows its boundaries. Directed by Geetu Mohandas, this high-octane gangster drama is specifically tailored for the Gen Z audience with high aesthetic standards. The movie features a massive star cast including Kiara Advani and Nayanthara, and is officially set for theatrical release on August 26.