4000 കോടി ബജറ്റിന്റെ പേരിൽ താഴ്ത്തിക്കെട്ടുകയല്ല വേണ്ടത്, രാമായണത്തെക്കുറിച്ച് പ്രേക്ഷകർ അഭിമാനിക്കണം -യഷ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടൻ യഷ്. 4,000 കോടി രൂപ ബജറ്റിനെ വിമർശിക്കുന്നതിന് പകരം ചിത്രത്തിന് പിന്തുണ നൽകണമെന്ന് താരം അഭ്യർത്ഥിച്ചു. ആഗോളവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് രാജ്യം അഭിമാനം കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിലാണ് ചിത്രത്തിൽ രാവണനായി വേഷമിടുന്ന യഷ് ഇക്കാര്യം ആവശ്യപ്പെട്ടത്.
'രാമായണ'ത്തിൽ രാവണനായി അഭിനയിക്കുന്നതിന് പുറമെ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾകൂടിയാണ് യഷ്. ഇത് നമ്മുടെ ഇടയിൽ നിന്ന് ഉയർന്നു വന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന വലിയൊരു സൃഷ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധാനമുണ്ടാക്കും. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി താൻ നിലകൊള്ളുന്നുവെന്നും, തന്നെയേൽപ്പിച്ച ഈ വലിയ ഉത്തരവാദിത്തം ഏറ്റവും മികച്ച രീതിയിൽ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങൾ എന്നിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തം മികച്ച രീതിയിൽ നിറവേറ്റാൻ ഞാൻ കഠിനമായി പരിശ്രമിക്കും. നിങ്ങൾക്ക് ഈ സിനിമയെക്കുറിച്ച് (രാമായണം) അഭിമാനത്തോടെ സംസാരിക്കാം. ഞാൻ ഈ പ്രോജക്റ്റിന്റെ നിർമ്മാതാവാണ്. നമ്മുടെ ഇടയിൽ നിന്ന് ജന്മമെടുത്ത് ലോകമെമ്പാടും എത്തുന്ന ഒരു സൃഷ്ടിയാണിത്." യഷ് പറഞ്ഞു.
തന്റെ മുൻ ചിത്രമായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്'ന് തിയേറ്ററിൽ തിരിച്ചടി നേരിട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തനിക്കൊപ്പം ഉറച്ചുനിന്ന കന്നഡ ആരാധകർക്ക് യഷ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. നെഗറ്റീവ് റിവ്യൂകൾക്കും വിമർശനങ്ങൾക്കുമിടയിലും ആരാധകർ സിനിമയെ പ്രതിരോധിക്കുകയും തിയേറ്ററുകളിലെത്തി പിന്തുണയ്ക്കുകയും ചെയ്തു. ആ കടം തനിക്ക് ഒരിക്കലും പൂർണ്ണമായി വീട്ടാൻ കഴിയില്ലെന്നും യഷ് വികാരഭരിതനായി പറഞ്ഞു.
Also Read: 'റഹ്മാന്റെ പാട്ട് സ്വപ്നം കാണാൻപോലും കഴിയുമായിരുന്നില്ല’; ‘രാമായണ’ത്തിലെ മലയാളി സ്വരം
നമിത് മൽഹോത്രയും യഷും ചേർന്ന് നിർമിച്ച് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളുമാണ് അഭിനയിക്കുന്നത്. ഇതിൽ ആദ്യ ഭാഗം 2026 നവംബർ 5-നും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ 'ടോക്സിക്' 500 കോടി രൂപ ബജറ്റിൽ നിർമ്മിച്ച് 330 കോടി രൂപയോളമാണ് ആഗോളതലത്തിൽ നേടിയത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുഗ്മിണി വസന്ത്, താര സുതാരിയ എന്നിവരായിരുന്നു മറ്റുപ്രധാനവേഷങ്ങളിൽ. മികച്ച തുടക്കം ലഭിച്ചെങ്കിലും, നെഗറ്റീവ് റിവ്യൂവും ഓൺലൈൻ വിമർശനങ്ങളും ചിത്രത്തിന്റെ കളക്ഷൻ കുത്തനെ ഇടിയാൻ കാരണമായി.
Content Highlights: Actor and co-producer Yash strongly defended Nitesh Tiwari's epic two-part film Ramayana against criticisms over its reported ₹4,000 crore budget, calling it a matter of national pride, while also thanking Kannada fans for supporting his previous film Toxic despite its box-office struggles.