ഇരട്ടവേഷത്തിൽ യഷ്, ആക്ഷനും മാസും വയലൻസും നിറച്ച് ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ വരുന്നു, ട്രെയിലർ വൈറൽ

ഇന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' ട്രെയ്‌ലർ പുറത്ത്. ശനിയാഴ്ച രാത്രിയാണ് ട്രെയിലർ പുറത്തിറങ്ങിയത്. ആക്ഷനും വയലൻസും മാസ് ഡയലോഗുകളും ബ്രഹ്മാണ്ഡ ലൊക്കേഷനുകളും നിറഞ്ഞതാണ് ട്രെയിലർ. ഇരട്ടവേഷത്തിലാണ് യഷ് ചിത്രത്തിലെത്തുന്നത്.
'ടോക്‌സിക്' ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷികമാണ് ട്രെയിലർ പുറത്തിറങ്ങിയ ശനിയാഴ്ച. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ യഷിനെ അവതരിപ്പിച്ചിരിക്കുന്നത്. റായ, ടിക്കറ്റ് എന്നീ വേഷങ്ങളിലാണ് യഷ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
യഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: The high-octane trailer for Geethu Mohandas's pan-Indian action thriller Toxic: A Fairy Tale for Grown-Ups has been released, revealing superstar Yash in a striking dual role as Raya and Ticket ahead of its worldwide release on August 26, 2026.