അന്ന് മിണ്ടാതിരുന്നത് നൂറുകണക്കിനാളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട് -ഡബ്ല്യു.സി.സി

ഡബ്ലിയു.സി.സിയുടെ ലോ​ഗോ, പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ | ഫോട്ടോ: www.facebook.com/WomeninCinemaCollective , www.facebook.com/lijukrishna0
ഡബ്ലിയു.സി.സിയുടെ ലോ​ഗോ, പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ | ഫോട്ടോ: www.facebook.com/WomeninCinemaCollective , www.facebook.com/lijukrishna0

പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ നടത്തിയ വാർത്താസമ്മേളനത്തിനെതിരെ പ്രതികരണവുമായി ഡബ്ല്യു.സി.സി. ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്നത് സിനിമ തീയേറ്ററുകളിൽ  പ്രദർശനം ആരംഭിച്ചതേയുള്ളു എന്നതുകൊണ്ടും, അതിൽ കൂട്ടായി പ്രവർത്തിച്ച നൂറു കണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ടുമാണെന്ന് അവർ പറഞ്ഞു. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ പ്രതികരണം.

സിനിമയുടെ എഴുത്തിൽ സഹായിച്ചിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതിന് 2022 മാർച്ച് 9 ന് ലിജു കൃഷ്ണ അറസ്റ്റിലായി. ഇതിനെത്തുടർന്ന് ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ, അവരുടെ സംഘടനയിൽ നിന്ന് അദ്ദേഹത്തിന്റെ താൽകാലിക അംഗത്വം ഔദ്യോഗികമായി റദ്ദാക്കി.  പക്ഷേ പടവെട്ട് സിനിമയുടെ നിർമാതാക്കളും മറ്റ്‌ അംഗങ്ങളും സൗകര്യപ്പെടുത്തി നൽകിയ വേദികളിൽ ലിജു കൃഷ്ണയും ഓഡിഷനുമായി ബന്ധപ്പെട്ട് മറ്റൊരു മീ ടൂ ആരോപണ വിധേയനായ അതേ സിനിമയിലെ ബിപിൻ പോൾ എന്ന പ്രൊഡക്ഷൻ എക്സിക്യൂട്ടീവും  അതിജീവിതക്കൊപ്പം നിലകൊണ്ട ഡബ്ല്യുസിസിക്കെതിരേയും, തങ്ങളുടെ ഒരു അംഗത്തിനെതിരെയും  വാസ്തവിരുദ്ധമായ കാര്യങ്ങൾ പലതവണ ആരോപിക്കുകയുണ്ടായെന്ന് അവർ കുറിച്ചു.
 
ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ദുഷ്കരമായ യാത്രയിൽ തങ്ങളെ സമീപിച്ച സ്ത്രീകൾക്കൊപ്പം WCC എല്ലായ്പ്പോഴും നിലകൊള്ളും. നിയമപ്രകാരം ഐസി(IC)  സിനിമാ രംഗത്ത് നിർബന്ധമാക്കിയ ഈ വേളയിൽ ഇരകളെ പിന്തുണയ്‌ക്കുകയും, അധികാരികളുടെ മുന്നിൽ കുറ്റാരോപിതരെ തുറന്നുകാട്ടാൻ  ശ്രമിക്കുകയുമാണ് തങ്ങൾ ചെയ്യുന്നത്. അതിൽ ലിജു കൃഷ്ണ ഉൾപ്പെടെയുള്ളവരുണ്ട്. ഈ പ്രതിരോധവും പോരാട്ടവും എത്ര കഠിനമാണെങ്കിലും തുടർന്നുകൊണ്ടേയിരിക്കുമെന്നും അവർ പറഞ്ഞു.

ലിജു കൃഷ്ണയ്ക്കെതിരെ അതിജീവിത പോസ്റ്റ് ചെയ്ത കുറിപ്പും ഡബ്ലിയു.സി.സി പങ്കുവെച്ചിട്ടുണ്ട്.

Content Highlights: wcc facebook post against padavettu movie director liju krishna, liju krishna press meet