''ഈ രക്ഷകര്‍ നിങ്ങളുടെ മതമല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല, സ്‌നേഹിച്ചു വളരുക''

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക സുജാതാ മോഹന്‍. ദുരിതത്തില്‍ രക്ഷകരായെത്തുന്നവര്‍ നമ്മുടെ മതത്തില്‍ ഉള്ളവരോ അച്ഛന്റെ പാര്‍ട്ടിക്കാരോ നമ്മുടെ ചോരയോ അല്ലെന്നും ഈ മാനവീയത കണ്ട് വളരണമെന്നും സുജാതാ കുറിച്ചു.
സുജാതയുടെ കുറിപ്പ്
'മക്കളെ ...നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങള്‍ വളരുക.....നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നീങ്ങള്‍ വളരുക....നിങ്ങൾ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നിങ്ങൾ പറയണം.... ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യന്‍' ആവണമെന്ന്
അതേ സമയം ഉരുള്‍പ്പൊട്ടല്‍ ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളും ഇന്നാട്ടുകാരുമെല്ലാം ഉള്‍പ്പടെ അതിനകത്തെല്ലാം മനുഷ്യരുണ്ട്. ഒറ്റപ്പെട്ടുകിടക്കുന്നവര്‍ക്കായി രാത്രിവൈകുവോളം രക്ഷാപ്രവര്‍ത്തനം നടത്തി. വെളിച്ചമോ മറ്റ് സാമഗ്രികളോ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ തിരച്ചില്‍ രാവിലെയാണ് വീണ്ടുമാരംഭിച്ചത്. ദുരന്തത്തില്‍ 200 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Singer sujatha mohan about humanity, Wayanad Tragedy, Landslide, Debris Flow, death