ആര്യന്‍ ഖാന്റെ വെബ് സീരിസിനെതിരെ സമീര്‍ വാംഖഡെ കോടതിയില്‍; 2 കോടി നഷ്ടപരിഹാരം വേണം

1. ആര്യൻ ഖാൻ 2. സമീര്‍ വാംഖഡെ | Photo -  ANI, PTI
1. ആര്യൻ ഖാൻ 2. സമീര്‍ വാംഖഡെ | Photo - ANI, PTI

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാന അരങ്ങേറ്റം കുറിച്ച 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരീസിനെതിരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ കോടതിയില്‍. വെബ് സീരീസ് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് വാംഖഡെയുടെ ആരോപണം.

രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഐആര്‍എസ് ഉദ്യോഗസ്ഥനായ അദ്ദേഹം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്, തുടങ്ങിയവര്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ചെയ്തിട്ടുള്ളത്.

ലഹരിവിരുദ്ധ ഏജന്‍സികളെ തെറ്റായ രീതിയിലും മോശമായും ചിത്രീകരിക്കുന്നതിലൂടെ വെബ് സീരീസ് തന്റെ ഔദ്യോഗിക ജീവിതത്തിലൂടെ നേടിയ സത്‌പേരിന് കോട്ടം വരുത്തുന്നുവെന്ന് മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നു. താനും ആര്യന്‍ ഖാനും ഉള്‍പ്പെട്ട കേസുകള്‍ ബോംബെ ഹൈക്കോടതിയിലും മുംബൈയിലെ എന്‍ഡിപിഎസ് പ്രത്യേക കോടതിയിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ സത്‌പേരിന് കളങ്കം വരുത്താനായി ഈ സീരീസ് ബോധപൂര്‍വം ആസൂത്രണം ചെയ്ത് നിര്‍മ്മിച്ചതാണ്. കേസുകള്‍ കോടതികളുടെ പരിഗണനയിലുളള സമയത്ത് ഈ വെബ് സീരീസ് തന്നെ അന്യായമായി ലക്ഷ്യം വയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

വെബ് സീരീസിലെ ഒരു പ്രത്യേക രംഗം 1971-ലെ ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകളുടെ ഗുരുതരമായ ലംഘനമാണെന്നും ഇത് നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അശ്ലീലവും നിന്ദ്യവുമായ ഉള്ളടക്കം ഉപയോഗിച്ച് ദേശീയ വികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നതിനാല്‍, സീരീസിലെ ഉള്ളടക്കം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും (ബിഎന്‍എസ്) വിവിധ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. തനിക്ക് ലഭിക്കുന്ന രണ്ട് കോടി രൂപ നഷ്ടപരിഹാരം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ഹോസ്പിറ്റലിന് സംഭാവന ചെയ്യണമെന്നും സമീര്‍ വാംഖഡെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷോയുടെ സ്ട്രീമിംഗും വിതരണവും തടയണമെന്നും ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തിപരമായ സല്‍പ്പേരിന് കളങ്കം വരുത്തുന്നതിലുപരി ലഹരിക്കെതിരായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളിലുള്ള വിശ്വാസത്തെ വെബ് സീരീസ് ദുര്‍ബലപ്പെടുത്തുന്നുവെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിക്കുന്നു.

2021 ഒക്ടോബറില്‍ ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സമീര്‍ വാംഖഡെ.

22 ദിവസം ജയിലില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് ആര്യന്‍ ഖാന്‍ എല്ലാ കേസുകളില്‍നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും അന്ന് ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

Content Highlights: Sameer Wankhede files ₹2 crore defamation suit against Shah Rukh Khan, Netflix over Aryan Khan`s series, citing `false, malicious content`.