'ഈ ഐഫോൺ 17 വാമിഖ സമ്മാനിച്ചത്'; നടിയുമായുള്ള ആത്മബന്ധം പങ്കുവെച്ച് 'ഡി.സി' നടൻ

നടി വാമിഖ ഗബ്ബിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സുതുറന്ന് നടൻ ജവഹർ ശക്തി. ലോകേഷ് കനകരാജ് നായകനായ 'ഡി.സി' എന്ന ചിത്രത്തിന്റെ സെറ്റിൽ വലിപ്പച്ചെറുപ്പമില്ലാതെയാണ് നടി തന്നോട് പെരുമാറിയതെന്ന് ചിത്രത്തിൽ കറുപ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജവഹർ ശക്തി പറഞ്ഞു. 'ഡി.സി' ചിത്രീകരണത്തിനിടെ വാമിഖയുമായി ഊഷ്മളമായ സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന് ജവഹർ പറഞ്ഞു.
ഷൂട്ടിങ്ങിനിടെ വാമിഖ തനിക്ക് ഐ ഫോൺ സമ്മാനിച്ചതായി ജവഹർ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലാണ് ജവഹർ ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. അഭിമുഖത്തിനിടെ ജവഹർ, വാമിഖ സമ്മാനിച്ച ഐഫോൺ 17 പ്രൊ- മാക്സ് ഉയർത്തിക്കാണിച്ചു. 'ഈ ഫോൺ വാമിഖ സമ്മാനിച്ചതാണ്' എന്ന് ജവഹർ പറഞ്ഞു.
തുടർന്ന് സ്‌ക്രീൻ ഓണാക്കി വാൾപേപ്പർ കാണിച്ചു. വാമിഖയും ജവഹറും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ് വാൾപേപ്പറായി നൽകിയിരിക്കുന്നത്. ചിത്രത്തിൽ വാമിഖയുടെ കൈയിൽ പനിനീർപ്പൂക്കളും കാണാം.
'നല്ല പെരുമാറ്റമാണ് അവരുടേത്. ആരെക്കുറിച്ചും മോശമായി സംസാരിക്കാൻ എനിക്ക് ആഗ്രഹമില്ല. എന്നാലും, ചില സിനിമകളിൽ കുറച്ച് ദിവസം ഒന്നിച്ച് അഭിനയിച്ചാൽ, ചിലരോട് നമ്മൾ ചിരിച്ചാൽ തിരിച്ചുചിരിക്കാൻ പോലും തയ്യാറാവില്ല. എന്നാൽ വാമിഖ അങ്ങനെയല്ല. അടുത്ത് വന്ന് ആലിംഗനം ചെയ്യും. 'ഹൗ ആർ യൂ, ഗുഡ്' എന്ന് ചോദിക്കും. ചിത്രത്തിൽ ബോൾഡ്, ഫയർ, കൈൻഡ്, ക്യൂട്ട് ആണ് ചന്ദ്ര. ചന്ദ്രയെപ്പോലെ തന്നെയാണ് വാമിഖ.' ജവഹർ കൂട്ടിച്ചേർത്തു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച് അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡി.സി'. ലോകേഷ് കനകരാജ് ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. വാമിഖ ഗബ്ബിയാണ് നായിക. സഞ്ജന കൃഷ്ണമൂർത്തിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം.
Content Highlights: Actor Jawahar Shakti, who plays the character 'Karuppu' in the movie 'DC', recently revealed his heartwarming bond with co-star Wamiqa Gabbi. During an interview, Jawahar unveiled that Wamiqa gifted him a brand-new iPhone 17 on the sets of the film. He showed the phone with a wallpaper featuring both of them together, highlighting her humble and warm nature without any starry airs. He praised Wamiqa for being deeply affectionate, comparing her real-life sweet and bold persona to her character 'Chandra' in the film. Produced by Kalanithi Maran under Sun Pictures and directed by Arun Matheswaran, 'DC' marks director Lokesh Kanagaraj's debut as a lead actor, with music composed by Anirudh Ravichander