‘കരുത്തും നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും അഭിനന്ദനാർഹം’; വിസ്മയയെ പിന്തുണച്ച് മാലാ പാർവതി

#Movies Desk
മാലാ പാർവതി, വിസ്മയ മോഹൻലാൽ | Photo: Facebook/ Maala Parvathi, Special Arrangement
മാലാ പാർവതി, വിസ്മയ മോഹൻലാൽ | Photo: Facebook/ Maala Parvathi, Special Arrangement

ജൂഡ് ആന്തണി ജോസഫ് ചിത്രം 'തുടക്ക'ത്തിലൂടെ നായികയായി അരങ്ങേറ്റത്തിന് ഒരുങ്ങുന്ന വിസ്മയ മോഹൻലാലിന് ആശംസകളുമായി നടി മാലാ പാർവതി. വിസ്മയയുടെ കരുത്തും ലാളിത്യവും നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും അഭിനന്ദനാർഹമാണെന്ന് നടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. സി.ജെ.പി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തന്റെ മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിസ്മയ വ്യക്തമാക്കിയതിന് പിന്നാലെയാണ് മാലാ പാർവതിയുടെ കുറിപ്പ്.

'പ്രിയപ്പെട്ട വിസ്മയയ്ക്ക്, 'തുടക്ക'ത്തിന് അഭിനന്ദനങ്ങൾ. താങ്കളുടെ ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള ധൈര്യവും അഭിനന്ദനാർഹമാണ്. ഇവ എന്നും താങ്കളെ മുന്നോട്ടുനയിക്കട്ടെ', അവർ കുറിച്ചു.

'സിനിമാലോകത്തെ താങ്കളുടെ യാത്ര അർഥവത്തായ അവസരങ്ങളും, നല്ല മനുഷ്യരും, അർഹിക്കുന്ന വിജയങ്ങളാലും അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ദൈവം നിങ്ങൾക്കായി ശരിയായ വാതിലുകൾ തുറന്നുതരട്ടെ; ഓരോ ചുവടുവെപ്പിലും രക്ഷിക്കട്ടെ, ദീർഘവും സംതൃപ്തവും മനോഹരവുമായ ഒരു കരിയർ നൽകട്ടെ. എല്ലാത്തിനുമുപരി, എപ്പോഴും സ്വയം സത്യസന്ധത പുലർത്താൻ കഴിയട്ടെ- അതാണ് ഏറ്റവും വലിയ അനുഗ്രഹം. സ്‌നേഹത്തോടും പ്രാർഥനകളോടും ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളോടും കൂടി, മാലാ പാർവതി', നടി കൂട്ടിച്ചേർത്തു.

ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തന്റെ മുൻനിലപാടിൽ ഉറച്ചുനിൽക്കുന്നതായി വിസ്മയ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ വിമർശിച്ച് വിസ്മയ രംഗത്തെത്തിയിരുന്നു. പിന്നാലെ വിസ്മയയെ മേജർ രവി തിരുത്തി. എന്നാൽ, മേജർ രവി ഉൾപ്പെടെ തന്നെ വിമർശിച്ചവർക്ക് മറുപടിയെന്നോണമാണ് നിലപാടിൽ ഉറച്ചുനിൽക്കുന്നതായി വിസ്മയ വ്യക്തമാക്കിയത്.

'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയയുടെ വാക്കുകൾ.

Content Highlights: Actress Maala Parvathi publicly praised Vismaya Mohanlal for her strength, humility, and courage to stand firm on her personal political convictions. The note comes as Vismaya is all set to make her silver screen debut through director Jude Anthany Joseph's upcoming movie titled 'Thudakkam'. Maala Parvathi wished Vismaya a long, meaningful, and rewarding career in the film industry, emphasizing the importance of staying true to oneself. Earlier, Vismaya faced criticism from director Major Ravi and others after she openly condemned police action against protesting students at Jantar Mantar in Delhi. Unfazed by the backlash, Vismaya reaffirmed her stance, asserting that in a democratic country, people have the right to ask questions and engage in dialogue over force.