ഇപ്പോൾ മനസിൽ വരുന്നത് വർഷങ്ങൾക്ക് മുൻപ് ഞാൻ ക്യാമറയ്ക്ക് പിന്നിൽ നിന്ന ആ ഷൂട്ടിങ്-സുചിത്ര

സുചിത്രയും വിസ്മയയും | സ്ക്രീൻ​ഗ്രാബ്
സുചിത്രയും വിസ്മയയും | സ്ക്രീൻ​ഗ്രാബ്

ജൂഡ് ആന്റണി സംവിധാനംചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറുന്ന മകൾ വിസ്മയയ്ക്ക് ആശംസകളും അനുഗ്രഹവുമേകി അമ്മ സുചിത്ര മോഹൻലാൽ. കുട്ടിക്കാലത്ത് വീട്ടിൽ സിനിമ സംവിധാനം ചെയ്തും അഭിനയിച്ചും കളിച്ചവരായിരുന്നു പ്രണവും വിസ്മയയും. ഭാവിയിൽ ഇവർ രണ്ടുപേരും സിനിമയിലെത്തുമെന്ന് അന്നൊരിക്കലും വിചാരിച്ചിട്ടില്ലെന്ന് സുചിത്ര ഓർത്തെടുത്തു. തങ്ങളെ സംബന്ധിച്ചിടത്തോളം 2025 എന്ന വർഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും അവർ പറഞ്ഞു.

മോഹൻലാലിന്റെ ഭാര്യ എന്നതിനേക്കാൾ വിസ്മയയുടെ അമ്മയായിട്ടാണ് തനിക്ക് സിനിമയിൽ അരങ്ങേറ്റംകുറിക്കുന്ന മകൾക്ക് ഉപദേശം നൽകാൻ സാധിക്കൂ എന്ന് സുചിത്ര മോഹൻലാൽ പറഞ്ഞു. വിസ്മയ ആദ്യമായി വേഷമിടുന്ന തുടക്കം എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. വിസ്മയയുടെ സിനിമാ പ്രവേശം ഏറെ അഭിമാനം നൽകുന്നുവെന്നും സുചിത്ര പറഞ്ഞു.

"ഈ നിമിഷത്തിൽ ഞാൻ വേദിയിൽ നിൽക്കുമ്പോൾ, കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു രംഗമാണ് ഓർമ്മ വരുന്നതെന്ന് സുചിത്ര പറയുന്നു. മായയും അപ്പുവും ആയിരുന്നു സംവിധായകരും അഭിനേതാക്കളും. മായ ആയിരുന്നു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. അന്ന് താൻ ക്യാമറയുടെ പിന്നിലായിരുന്നു. അന്ന് ഈ രണ്ട് മക്കളും സിനിമയിലേക്ക് കാലെടുത്തുവെയ്ക്കുമെന്ന് ഒട്ടും വിചാരിച്ചില്ല. തങ്ങളെ സംബന്ധിച്ചിടത്തോളം 2025 എന്ന വർഷം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും അവർ പറഞ്ഞു.

"ഈ കൊല്ലം ഞങ്ങൾക്ക് വളരെ സ്പെഷ്യലാണ്. കാരണം ചേട്ടന് ദാദാസാബ് ഫാൽക്കെ അവാർഡ് കിട്ടി. ഇന്ന് അപ്പുവിന്റെ ഡീയസ് ഈറെയുടെ റിലീസ് ആണ്. അതെന്താ സ്പെഷ്യൽ എന്ന് ചോദിച്ചാൽ അപ്പുവിനെ തേടി കുറേ സിനിമകൾ വരാറുണ്ട്. പക്ഷേ അപ്പു രണ്ടു കൊല്ലത്തിലാണ് ഒരു പടം ചെയ്യുക. അപ്പോൾ അവന്റെ ഓരോ പുതിയ ചിത്രവും എനിക്ക് സ്പെഷ്യലാണ്. ഡീയസ് ഈറെ ടീമിന് എല്ലാ ആശംസകളും നേരുന്നു.

മായ എന്നോട് ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ ചേട്ടനോടുപറഞ്ഞു. ചേട്ടൻ പറഞ്ഞു അത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ലെന്ന്. പക്ഷേ നമ്മുടെ കുട്ടികൾ അവരുടെ ഭാവിയെക്കുറിച്ച് പറയുമ്പോൾ അതിനെ പിന്തുണയ്ക്കുന്നത് രക്ഷിതാക്കളുടെ കടമയാണല്ലോ.

ജൂഡ് രണ്ടുമൂന്നു കൊല്ലം മുൻപ് സിനിമയേക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം വേറെ രണ്ട് കഥ കൊണ്ടുവന്നെങ്കിലും അത് നമുക്ക് വർക്ക് ആയില്ല. പിന്നൊരിക്കൽ ജൂഡിനെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ എന്നുചോദിച്ചപ്പോൾ വിശാഖ് പറഞ്ഞു, ചേച്ചി ജൂഡ് അല്ലേ എപ്പോഴും എന്തെങ്കിലും കൊണ്ടുവരുമെന്ന്. ജൂഡ് ഈ കഥ കൊണ്ടുവന്നപ്പോൾ എനിക്ക് ഇഷ്ടമായി. ഇങ്ങനെ ഒരു കഥ വന്നിട്ടുണ്ടെന്ന് ഞാൻ ആന്റണിയോടു പറഞ്ഞു. കഥയെല്ലാം കേട്ടിട്ട് അവസാനം ആന്റണി ചോദിച്ചു, ചേച്ചി ആരാ ഇത് പ്രൊഡ്യൂസ് ചെയ്യാൻ പോണേ എന്ന്. അപ്പോ ഞാൻ പറഞ്ഞു, ആന്റണി തന്നെയെന്ന്, ആശിർവാദ് സിനിമാസ് തന്നെയെന്ന്.

ഇങ്ങനെയൊരു സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് ആന്റണിയോട് നന്ദി പറയുന്നു. വിസ്മയയുടെ ഈ പുതിയ തുടക്കത്തിന് എല്ലാവരുടേയും അനുഗ്രഹമുണ്ടാകും. ആന്റണിയുടെ മകൻ ആശിഷിനും ആശംസകൾ നേരുന്നു." സുചിത്ര കൂട്ടിച്ചേർത്തു.

Content Highlights: Suchitra Mohanlal shares her joy and memories as daughter Vismaya makes her acting debut in Jude Anthany`s `Thudakkam`. A proud mother`s reflection on their childhood dreams.