നിബന്ധനകൾ ലംഘിച്ച് സിനിമ ഇറക്കി: നിർമാണക്കമ്പനിക്ക് നടൻ വിശാൽ 21.29 കോടി തിരിച്ചുനൽകണമെന്ന് ഹൈക്കോടതി

വിശാൽ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
വിശാൽ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ചെന്നൈ: നിർമാണക്കമ്പനിയായ ലൈക്കയുടെ പരാതിയിൽ നടൻ വിശാൽ 30 ശതമാനം പലിശസഹിതം 21.29 കോടി രൂപ തിരിച്ചുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പണം മുഴുവനായും നൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ എല്ലാ അവകാശങ്ങളും ലൈക്ക പ്രൊഡക്‌ഷൻസിന്റെ നിയന്ത്രണത്തിൽ തുടരണമെന്നും കോടതി വ്യക്തമാക്കി. കേസിൽ തുടർവാദം വെള്ളിയാഴ്ച നടക്കും.

സിനിമാനിർമാണത്തിന്‌ പണം നൽകുന്ന അൻബു ചെഴിയാന്റെ ഗോപുരം ഫിലിംസിൽനിന്ന് ലൈക്കയുടെ പേരിൽ, ഫിലിം ഫാക്ടറി എന്ന തന്റെ നിർമാണക്കമ്പനിക്കായി വിശാൽ പണം വായ്പയെടുത്തിരുന്നു. പണം മുഴുവനായും തിരിച്ചുനൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ അവകാശങ്ങൾ ലൈക്കയ്ക്കാണെന്ന കരാർപ്രകാരമായിരുന്നു ഇത്.

എന്നാൽ, വിശാൽ നിബന്ധനകൾ ലംഘിച്ച് ചിത്രങ്ങൾ പുറത്തിറക്കിയെന്നാരോപിച്ച് ലൈക്ക കോടതിയെ സമീപിച്ചു. ഇതിനിടയിൽ സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന ‘മഗുഡം’ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു.