വിക്രം ചിത്രം കോബ്രയില്‍ പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച് അജയ് ജ്ഞാനമുത്തു

-
-

പുതിയ ചിത്രം കോബ്രയിൽ തന്റെ പ്രതിഫലം 40 ശതമാനം വെട്ടിക്കുറച്ച് സംവിധായകൻ അജയ് ജ്ഞാനമുത്തു. കൊറോണ വൈറസ് വ്യാപനം മൂലം ചിയാൻ വിക്രം നായകനാകുന്ന കോബ്രയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കയാണ്.

അജയ്യുടെ ഈ തീരുമാനത്തെ പ്രശംസിച്ച് മറ്റ് നിർമ്മാതാക്കളും രംഗത്തു വന്നിട്ടുണ്ട്. കോവിഡ് 19ന്റെ വ്യാപ്തി മൂലം ചിത്രീകരണം നീട്ടിവെക്കേണ്ടി വന്നത് നിർമ്മാതാവ് ലളിത് കുമാറിന് വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. ഇതാണ് പ്രതിഫലം വെട്ടിക്കുറയ്ക്കാമെന്ന അജയ്യുടെ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ റഷ്യയിൽ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന കോബ്രയുടെ ഷൂട്ട് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് നിർത്തിവച്ചത്. തുടർന്ന് അണിയപ്രവർത്തകർ നാട്ടിലേക്ക് തന്നെ മടങ്ങി. അന്താരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുമ്പോൾ റഷ്യയിൽ ചിത്രീകരണം പുനരാരംഭിക്കാനിരിക്കുകയാണ്.

'ഇമൈക്ക നൊടികൾ' എന്ന ചിത്രത്തിന് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ചിത്രത്തിൽ ഏഴു വ്യത്യസ്ത ഗെറ്റപ്പുകളിലെ വിക്രമിന്റെ പോസ്റ്റർ നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു. യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം വിക്രം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീനിധി ഷെട്ടിയാണ് നായിക. ഇർഫാൻ പഠാനാണ് ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തുന്നത്.

എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. ചിത്രത്തിലെ തുമ്പി തുള്ളൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. താമരൈ, പാ വിജയ്, വിവേക് എന്നിവരുടേതാണ് വരികൾ. ഹരീഷ് കണ്ണൻ ഛായാഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസും വയാകോം 18 മോഷൻ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.

Content Highlights :vikram movie cobra movie salary cut 40 percent ajay gnanamuthu srinidhi shetty irfan pathan

Content Highlights: