'ജാതിഭേദം മതദ്വേഷം...'; മാർപാപ്പയ്ക്കുമുന്നിൽ മലയാളത്തിൽ പാടി വിജയ് യേശുദാസ്, കീബോർഡ് വായിച്ച് സ്റ്റീഫൻ ദേവസി

കോഴിക്കോട്: റോമിൽ ലിയോ പതിന്നാലാമൻ മാർപാപ്പ ബുധനാഴ്ച രണ്ട് മലയാളം പാട്ടുകൾ കേട്ടു, വിജയ് യേശുദാസിന്റെ ശബ്ദത്തിൽ. ഒപ്പം കീബോർഡ് വായിച്ച് സ്റ്റീഫൻ ദേവസിയും.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും’ എന്ന പാട്ടും ‘ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ’ എന്ന പാട്ടുമാണ് പാടിയത്. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ മതനേതാക്കൾ ഉൾപ്പെടെ അരലക്ഷത്തോളം പേർ സദസ്സിലുണ്ടായിരുന്നു.
അവിടെ മലയാളം പാട്ടുകൾ പാടാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് സ്റ്റീഫൻ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഗിവ് ലൈഫാ’ണ് പാടാൻ അവസരമൊരുക്കിതെന്നും പറഞ്ഞു.
ഫാഷൻ ഡിസൈനർ സഞ്ജനാ ജോണാണ് അതിന്റെ സംഘാടക. ജെയ്‌സൺ ചിട്ടപ്പെടുത്തിയ പുതിയ ഗാനവും ആ വേദിയിൽ പുറത്തിറക്കി.
26 വർഷമായി സംഗീതരംഗത്തിനു നൽകുന്ന സംഭാവനയ്ക്ക് ഫ്രാൻസിലെ സോബോൺ സർവകലാശാല സ്റ്റീഫന് ഓണററി ഡോക്ടറേറ്റ് നൽകുന്ന ചടങ്ങും ഇറ്റലിയിൽ നടന്നു.
Content Highlights: Hear Vijay Yesudas and Stephen Devassy`s beautiful Malayalam songs presented to Pope Leo XIV in Rome. A unique cultural moment at an international gathering.