മക്കൾ ഇയക്കത്തിന്റെ ചുമതലക്കാരെ വിജയ് നേരിൽ കണ്ടു; രാഷ്ട്രീയ പ്രവേശനത്തിൽ സസ്പെൻസ് തുടരുന്നു

വിജയ് | photo: twitter/ makkal iyakkam, @galaxycinemass
വിജയ് | photo: twitter/ makkal iyakkam, @galaxycinemass

ആരാധക സംഘടനയായ 'ദളപതി വിജയ് മക്കൾ ഇയക്ക'ത്തിന്റെ (ടി.വി.എം.ഐ.) ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തി. താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്‍യുടെ ഫാം ഹൗസിലായിരുന്നു യോഗം.

മക്കൾ ഇയക്കത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് യോ​ഗത്തിൽ ചർച്ച ചെയ്തുവെന്നാണ് വിവരങ്ങൾ. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വിവരങ്ങൾ വിജയ് പങ്കുവെച്ചിട്ടില്ലെന്നാണ് യോ​ഗത്തിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമയിൽ നിന്നും വിജയ് മൂന്ന് വർഷം ഇടവേളയെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രവർത്തകർ തള്ളിയിട്ടുണ്ട്. സംഭവത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. 

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 10, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയംനേടിയ വിദ്യാർഥികളെ കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ വിജയ് ആദരിച്ചിരുന്നു. പരിപാടി വലിയ വിജയമായിരുന്നു. ഇതിന്റെ സംഘാടകരെ അനുമോദിക്കുക എന്ന ലക്ഷ്യവും യോ​ഗത്തിനുണ്ടായിരുന്നു. മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവെന്നും വിവരങ്ങളുണ്ട്. 

234 മണ്ഡലങ്ങളിലെ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ചുമതലക്കാരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തുന്നത്. ചൊവ്വാഴ്ച 15 ജില്ലകളിൽ നിന്നുള്ള 115 ചുമതലക്കാരെ നേരിൽ കണ്ടുവെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ച ബുധനാഴ്ചയും തുടരും.
 

Content Highlights: vijay meets thalapathy vijay makkal iyakkam leaders vijay political entry