'ആരോപണം പിൻവലിച്ച് 48 മണിക്കൂറിനുള്ളിൽ മാപ്പുപറയണം'; മലയാളി നടിയോട് വിജയ് കുമാർ രാജേന്ദ്രൻ

#Movies Desk
അനു​ഗ്രഹ എസ്. നമ്പ്യാർ | Photo: Instagram/ Anugraha S Nambiar
അനു​ഗ്രഹ എസ്. നമ്പ്യാർ | Photo: Instagram/ Anugraha S Nambiar

തമിഴ് വെബ് സീരീസ് 'റിസോർട്ടു'മായി ബന്ധപ്പെട്ട വിവാദത്തിൽ മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർക്ക് വക്കീൽ നോട്ടീസ് അയച്ച് തമിഴ് നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ. അനുഗ്രഹയ്ക്കും സുഹൃത്ത് എ.ബി. ഷാരോണിനുമാണ് വിജയ് കുമാർ രാജേന്ദ്രന്റേയും ഭാര്യ നക്ഷത്രാമൂർത്തിയുടേയും അഭിഭാഷകൻ ഡോ. ജെ. ജെറോം ജോസഫ് വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ വിജയ്‌യ്ക്കും നക്ഷത്രയ്ക്കുമെതിരേ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. നടി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

യൂട്യൂബ്, ഇൻസ്റ്റഗ്രാം, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വ്യാജവും അടിസ്ഥാനമില്ലാത്തതും അപകീർത്തികരവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചുവെന്ന് വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു. അനുഗ്രഹയുടെ ആരോപണങ്ങൾ ഇരുവരുടേയും പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അനുഗ്രഹയുമായി വിജയ്‌യ്ക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല. മറിച്ചുള്ള അവകാശവാദങ്ങൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും നോട്ടീസിൽ പറയുന്നു.

ഇരുവരുടേയും അപകീർത്തികരമായ പ്രവൃത്തികളെത്തുടർന്ന് ദമ്പതികൾക്ക് മാനസികവേദനയും അപമാനവും സമൂഹത്തിൽ ചീത്തപ്പേരും ജോലിയിൽ നഷ്ടങ്ങളുമുണ്ടായി. ഇക്കാരണങ്ങളാൽ വിജയ്‌യും നക്ഷത്രയും അനുഗ്രഹയ്ക്കും സുഹൃത്തിനുമെതിരേ സിവിലായും ക്രിമിനലായും നിയമനടപടികളുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരിക്കുന്നു. അപകീർത്തി പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കണം. എല്ലാ മാധ്യമങ്ങളിൽനിന്നും പ്രസ്താവനകൾ നീക്കം ചെയ്യണം. 48 മണിക്കൂറിനുള്ളിൽ പരസ്യമായി മാപ്പുപറയണം. ഇല്ലെങ്കിൽ നിയമടപടികളുമായി മുന്നോട്ടുപോവുമെന്നും നോട്ടീസിൽ അറിയിച്ചു.

ജിയോഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ 'റിസോർട്ട്' വെബ് സീരീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരേയാണ് അനുഗ്രഹ ആരോപണവുമായെത്തിയത്.

ഒരുവർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്ന് അനുഗ്രഹ ആരോപിച്ചു. അവസരങ്ങൾ തടയാൻ കരാർ ചൂണ്ടിക്കാട്ടിയ നിർമാതാക്കൾ, അതുപ്രകാരമുള്ള പ്രതിഫലം നൽകിയില്ലെന്നും ആരോപിച്ചു. പരമ്പരയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടി വെളിപ്പെടുത്തി. തന്റെ ആരോഗ്യവിവരം അറിയിക്കാൻ വിളിച്ച സുഹൃത്തിനോട് മോശമായി സംസാരിച്ചുവെന്നും അവർ ആരോപിച്ചു. ഇതിന് മറുപടിയുമായി വിജയ്‌യും നക്ഷത്രയും പരസ്യമായി രംഗത്തെത്തിയിരുന്നു.

Content Highlights: Vijay Kumar Rajendran and Nakshatra Moorthy issued a legal notice to actress Anugraha S Nambiar. The notice demands a public apology and retraction of statements within 48 hours. Accusations involve the web series 'Resort' and alleged breach of contract. Legal action includes potential civil and criminal proceedings for defamation. The couple denies all financial claims and allegations of professional misconduct