സൈക്കിൾ റാലിക്കിടെ ആരാധകന്റെ 'പുഷ്പവൃഷ്ടി'; പിന്തിരിഞ്ഞോടി വിജയ്, നാടകീയരംഗങ്ങൾ

തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാടകീയരംഗങ്ങൾ. കന്യാകുമാരി മഹാദാനപുരത്ത് താരത്തിന്റെ സൈക്കിൾ റാലിയിലാണ് സംഭവം. താരം വാഹനത്തിൽനിന്നിറങ്ങി അല്പദൂരം സൈക്കിളിൽ സഞ്ചരിച്ചിരുന്നു. ഇതിനിടെ ആരാധകൻ പുഷ്പവൃഷ്ടിയുമായി എത്തിയോടെയാണ് ആശയക്കുഴപ്പമുണ്ടായത്.
ദേശീയപാതയിലൂടെ വിജയ് സൈക്കിൾ ഓടിച്ചുവരികയായിരുന്നു. ഡിവൈഡറിൽനിന്ന് പാതയിലേക്ക് ചാടിവീണ ആരാധകരിൽ ഒരാൾ താരത്തിന് നേരെ 'ഫ്‌ളെവർ ബോൾ' എറിഞ്ഞു. സുരക്ഷാ വീഴ്ചയാണെന്ന് തെറ്റിദ്ധരിച്ച് താരം ഉടൻ തന്നെ സൈക്കിൾ യാത്ര അവസാനിപ്പിച്ച് പിന്തിരിഞ്ഞു. നടൻ സൈക്കിളിൽനിന്നിറങ്ങി പിന്നാലെ വന്ന കാരവാനിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. അപ്രതീക്ഷിത സാഹചര്യമുണ്ടായപ്പോൾ നടനിൽനിന്നുണ്ടായ പെരുമാറ്റത്തെയാണ് ആളുകൾ പരിഹസിക്കുന്നത്. ഒരു രാഷ്ട്രീയനേതാവിന് ചേർന്നതല്ല വിജയ്‌യുടെ രീതിയെന്നാണ് വിമർശനം.
കന്യാകുമാരിക്ക് സമീപം മഹാദാനപുരത്ത് ഞായറാഴ്ച വൈകീട്ട് നടന്ന സമ്മേളനത്തിലും റോഡ് ഷോയിലും ജനനായകനെ കാണാൻ ആവേശമുയർത്തി ആരാധകരെത്തി. തമിഴക വെട്രി കഴകത്തിന്റെ ചിഹ്നമായ വിസിൽ ഊതിയാണ് വിജയ് പരിപാടിസ്ഥലത്തേക്ക് എത്തിയത്.
മഹാദാനപുരത്ത് എത്തിയ വിജയ് വാഹനത്തിൽനിന്നിറങ്ങി സൈക്കിൾ ഓടിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് പ്രത്യേകവാഹനത്തിൽ കയറി മൂന്ന് കിലോമീറ്റർ റോഡ് ഷോ നടത്തി. പതിനായിരങ്ങൾ ആർപ്പുവിളികളുമായി ജനനായകനെ വരവേറ്റു.
Content Highlights: Actor Vijay faced a security scare during his election campaign rally in Kanyakumari. A fan's attempt to shower flowers was misinterpreted as a security threat, leading to a viral reaction. The incident sparked widespread social media trolling regarding the actor's political demeanor. The rally was part of the Tamizhaga Vettri Kazhagam outreach program ahead of the elections