ഡെങ്കിപ്പനി; നടൻ വിജയ് ദേവരകൊണ്ട ആശുപത്രിയിൽ, നിരീക്ഷണത്തിലെന്ന് ബന്ധുക്കൾ

ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടുചെയ്തു. ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന് പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'കിംഗ്ഡ'ത്തിന്റെ റിലീസിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന് ഡെങ്കിപ്പനി ബാധിച്ചത്.
ദേവരകൊണ്ട ഉടൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ റിലീസിനായുള്ള തയ്യാറെടുപ്പുകൾ തുടരുകയാണ്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രം സിംഹള-തമിഴ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷങ്ങൾ മൂലമുണ്ടായ അഭയാർത്ഥി പ്രതിസന്ധിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. തുടക്കത്തിൽ മെയ് 30-ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന 'കിംഗ്ഡം' പല കാരണങ്ങളാൽ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്തു.
ഇന്ത്യ- പാക് സംഘർഷങ്ങളെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് ആദ്യഘട്ടത്തിൽ വൈകിയത്. ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്നുള്ള സാഹചര്യങ്ങൾ റിലീസ് തീയതി പുനഃപരിശോധിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചു. ഭാഗ്യശ്രീ ബോർസെ, സത്യദേവ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിത്താര എന്റർടെയ്ൻമെന്റ്സും ഫോർച്യൂൺ ഫോർ ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: Actor Vijay Deverakonda is recovering from dengue. `Kingdom` release, initially slated for May 30