ആരോഗ്യം മോശമായി, അവർ ഞങ്ങളോട് സംസാരിക്കുന്നത് നിർത്തിയിരുന്നു; സാമന്തയേക്കുറിച്ച് വിജയ് ദേവരകൊണ്ട

നടി സാമന്ത പേശികളെ ബാധിക്കുന്ന മയോസിറ്റിസ് എന്ന രോഗവുമായി പോരാടുന്നു എന്ന വിവരം ചെറിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ചികിത്സയുടെ ഭാഗമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. ഇതിന് മുമ്പേ ശിവ നിർവാണ സംവിധാനം ചെയ്യുന്ന കുഷി എന്ന ചിത്രം സാമന്ത പൂർത്തിയാക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഖുഷി സിനിമയുമായി ബന്ധപ്പെട്ട പ്രത്യേക സംഗീത പരിപാടിക്കിടെ മയോസിറ്റിസുമായുള്ള സാമന്തയുടെ പോരാട്ടം എത്രമാത്രം കഠിനമായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട.
സാമന്തയുടെ മുഖത്ത് ഒരു ചിരികാണാനും അവരുടെ കഠിനാധ്വാനത്തിന് ഖുഷി എന്ന ചിത്രം വിജയിച്ചുകാണാനുമാണ് താത്പര്യമെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. ഈ ചിത്രത്തിനുവേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 2022 ഏപ്രിലിൽ അവരുടെ മുഖത്തെ ഒരു പുഞ്ചിരിയോടെയാണ് കുഷി എന്ന ചിത്രം തുടങ്ങിയത്. ഒരു മുപ്പത്, മുപ്പത്തഞ്ച് ശതമാനം ചിത്രീകരണമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ജൂലൈയോടെ സാമിന്റെ ആരോഗ്യം മോശമായിത്തുടങ്ങി. സുഖമില്ലെന്ന് അവർ പറഞ്ഞെങ്കിലും താനും സംവിധായകനും അത് നിസ്സാരമായി എടുത്തു. പിന്നീടാണ് സാമന്തയുടെ ദുരവസ്ഥ തങ്ങൾ മനസ്സിലാക്കിയതെന്നും വിജയ് ചൂണ്ടിക്കാട്ടി.
"ജൂലായിൽ, ഞാൻ എന്റെ മറ്റൊരു സിനിമയുടെ പ്രൊമോഷൻ നടത്തുമ്പോൾ, സാമിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാനിടയായി. തുടക്കത്തിൽ, അവർ അതേക്കുറിച്ച് സംസാരിച്ചില്ല. നമ്മൾ അഭിനേതാക്കളാണെന്നും കഥകൾ പറയുന്നവരാണെന്നും ഞാൻ സാമിനോട് പറഞ്ഞു. ഒരു പ്രത്യേക ഘട്ടത്തിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് സാമന്തയ്ക്ക് തോന്നി. അവർ ഞങ്ങളോട് സംസാരിക്കുന്നതും ഞങ്ങളെ എല്ലാവരെയും കാണുന്നതും നിർത്തിയിരുന്നു. അവർക്ക് തീരെ സുഖമില്ലായിരുന്നു. അവർ ഒരുപാട് പോരാടി. ആ സമയത്താണ് അക്കാര്യം എല്ലാവരുമായും പങ്കിടാൻ അവൾ തീരുമാനിച്ചത്. പ്രതീക്ഷിക്കാൻ വകയുണ്ടെന്ന് ആളുകളോട് പറയാൻ." വിജയ് ദേവരകൊണ്ട വിശദീകരിച്ചു.
സംഗീതപരിപാടിക്കെത്തിയ ചിലർ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളും എങ്ങനെയാണ് സാമന്ത അവർക്കൊരു പ്രചോദനമാകുന്നതെന്നും സംസാരിച്ചു. സാമന്ത ചെയ്തത് ശരിയാണെന്ന് മനസിലായി. അവരിപ്പോഴും പൂർണ ആരോഗ്യവതിയല്ലെന്ന് അറിയാം. തലവേദനയും പ്രകാശത്തെ അഭിമുഖീകരിക്കുമ്പോൾ കണ്ണ് വേദനിക്കുകയും ചെയ്യും. വളരെയേറെ സ്നേഹത്തോടെയാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നതെന്ന് സാമിന് അറിയാം. മനോഹരമായി വസ്ത്രമണിഞ്ഞ്, പുഞ്ചിരിച്ച് നിങ്ങൾക്കായി നൃത്തംചെയ്തു. ആരേക്കാളുമുപരി ഈ വരുന്ന സെപ്റ്റംബർ ഒന്നിന് അവരുടെ മുഖത്തെ ചിരിയാണ് തനിക്ക് കാണേണ്ടതെന്നും അതുതന്റെ ഉത്തരവാദിത്തമാണെന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.
ശിവ നിർവാണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ റൊമാന്റിക് ചിത്രമാണ് ഖുഷി. മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ ഖുഷിയിലെ ഗാനങ്ങൾ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. സെപ്റ്റംബർ ഒന്നിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
Content Highlights: vijay deverakonda about kushi movie and samantha's struggle with myositis, samantha health