കറുപ്പ് ഷർട്ടും സൈഡ് ബാഗും, വീട്ടിൽനിന്നിറങ്ങിയത് കറുപ്പ് വെൽഫയർ കാറിൽ; വിജയ് സിബിഐക്ക് മുന്നിൽ

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് സിബിഐക്ക് മുന്നിൽ. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് താരം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്. ചെന്നൈയിൽനിന്ന് ചാർട്ടേഡ് വിമാനത്തിലാണ് താരം ഡൽഹിയിലെത്തിയത്.
നീലാങ്കരയിലെ വസതിയിൽനിന്ന് കറുപ്പ് വെൽഫയർ കാറിലാണ് വിജയ് ചെന്നൈ വിമാനത്താവളത്തിലേക്ക് തിരിച്ചത്. ടിവികെ നേതാക്കളായ ആദവ് അർജുന, നിർമൽ കുമാർ എന്നിവരും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. കറുപ്പ് പാന്റ്‌സും ഷർട്ടുമായിരുന്നു താരത്തിന്റെ വേഷം. തോളിൽ സൈഡ് ബാഗും ധരിച്ചാണ് വിജയ് വിമാനത്തിൽ കയറിയത്.
ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ വിജയ് 20 കിലോമീറ്ററോളം റേഞ്ച് റോവർ കാറിൽ സഞ്ചരിച്ചാണ് സിബിഐ ആസ്ഥാനത്ത് എത്തിയത്. പാർട്ടിയുടെ അഭ്യർഥന കണക്കിലെടുത്ത് ഡൽഹി പോലീസ് വിജയ്ക്ക് കനത്തസുരക്ഷ ഒരുക്കി.
ചോദ്യംചെയ്യൽ രണ്ടുദിവസം നീണ്ടുനിൽക്കും. ചോദ്യംചെയ്യൽ പൂർത്തിയാവുന്നതോടെ ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ തിരിച്ചെത്തുന്ന തരത്തിലാണ് വിജയ്‌യുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സിബിഐ കടക്കുമോ എന്നാണ് ആരാധർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
പാർട്ടിയുടെ അഭ്യർഥന കണക്കിലെടുത്ത് ഡൽഹി പോലീസ് വിജയ്ക്ക് കനത്തസുരക്ഷ ഒരുക്കും. ദുരന്തത്തിനുപിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ അന്വേഷിക്കുന്നത്. മുതിർന്ന അഭിഭാഷകരുമായും പാർട്ടിപ്രവർത്തകരുമായും കൂടിയാലോചിച്ചശേഷമാണ് തെളിവെടുപ്പിന് ഹാജരാകാൻ വിജയ് തീരുമാനിച്ചത്. കഴിഞ്ഞദിവസം ചെന്നൈയ്ക്കടുത്തുള്ള പണയൂരിലെ ടിവികെ ആസ്ഥാനത്തുനിന്ന് വിജയ്യുടെ പ്രചാരണവാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് സിബിഐ അന്വേഷണം. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights: Actor and TVK leader Vijay appears before CBI in Delhi for questioning in the Karur tragedy case