ഞാന്‍ ക്രിസ്ത്യന്‍, എന്റെ ഭാര്യ ഹിന്ദു; വിജയ്‌യുടെ മതം പറയുന്നവര്‍ക്ക് മറുപടിയുമായി പിതാവ്

ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്‍ വിജയ്‌യുടെ വസതയില്‍ കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് റെയ്ഡ് നടന്നിരുന്നു. ബിഗില്‍ എന്ന സിനിമയുടെ വരുമാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് റെയ്ഡ് നടന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വസതിയില്‍ അനധികൃത പണമൊന്നും കണ്ടെടുക്കാന്‍ ആദായ നികുതി വകുപ്പിനായില്ല. ഇതിന് തൊട്ടുപിന്നാലെ വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങള്‍ക്കെതിരേ മതപരിവര്‍ത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ രംഗത്തെത്തി. ഇവര്‍ക്ക് ശക്തമായ മറുപടിയുമായി വിജയ് സേതുപതി രംഗത്ത് വന്നിരുന്നുവെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല.
വിവാദങ്ങള്‍ക്ക് മറുപടിയുമായി വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ഒരു അഭിമുഖത്തിനിടെയാണ് തമിഴ് സിനിമാസംവിധായകന്‍ കൂടിയായ ചന്ദ്രശേഖര്‍ പ്രതികരിച്ചത്. ജീവിതത്തില്‍ മതവിശ്വാസത്തിന് അമിത പ്രാധാന്യം നല്‍കാത്ത കുടുംബമാണ് തങ്ങളുടേതെന്നും ആരോപണങ്ങള്‍ ബാലിശമാണെന്നും ചന്ദ്രശേഖര്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍
ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. ഞാന്‍ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപ്പെട്ടിട്ടില്ല. ജീവിതത്തില്‍ ഒരുവട്ടം മാത്രം ഞാന്‍ ജറുസലേമില്‍ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ?- ചന്ദ്രശേഖര്‍ ചോദിക്കുന്നു.
Content Highlights: Vijay Actor Father SA Chandrasekhar on Christian conversion allegations, IT Raid, Bigil Movie
Content Highlights: