ഹിറ്റായി വിജയ്യുടെ പിറന്നാൾ കെയ്ക്ക്; രണ്ടാഴ്ചയ്ക്കകം വിറ്റഴിച്ചത് 400 'സി.എം. കെയ്ക്കുകൾ'

#Movie Desk
വിജയ്‌യുടെ പിറന്നാൾദിനത്തിൽ തൃഷ സാമൂഹികമാധ്യമത്തിൽപങ്കുവെച്ച ചിത്രം.
വിജയ്‌യുടെ പിറന്നാൾദിനത്തിൽ തൃഷ സാമൂഹികമാധ്യമത്തിൽപങ്കുവെച്ച ചിത്രം.

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ 52-ാം പിറന്നാൾ ആഘോഷത്തിലെ കെയ്ക്കിന്റെ 'റീമേക്ക്' ചെന്നൈയിൽ വൻ ഹിറ്റായി മാറി. ഉപഭോക്താക്കൾക്കിടയിൽ 'സി.എം. കെയ്ക്ക്' എന്ന ഓമനപ്പേരും ലഭിച്ചു. രണ്ടാഴ്ചയ്ക്കകം 400 കെയ്ക്കുകൾ വിറ്റഴിച്ചുവെന്ന് ബേക്കറി ഉടമയായ തൻവി ബൊക്കാരിയ പറഞ്ഞു. വിജയ്യുടെ പിറന്നാൾ ആഘോഷം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും കെയ്ക്കിന്റെ ജൈത്രയാത്ര തുടരുന്നു. മാമ്പഴരുചിയോടുകൂടിയ വാനില കെയ്ക്കാണ് സാക്ഷാൽ 'സി.എം. കെയ്ക്ക്.'

ജൂൺ 22-നാണ് തൃഷയും വിജയ്യുമൊത്തുള്ള ജന്മദിന ചിത്രത്തിലുള്ള കെയ്ക്ക് ആരാധകവൃന്ദത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തൃഷയാണ് ജന്മദിന ഫോട്ടോ സാമൂഹിക മാധ്യമത്തിൽ പങ്കിട്ടത്. ഇരുവരെക്കുറിച്ചും ചർച്ചകൾ പലവഴിക്കു നീങ്ങവേ, കെയ്ക്കിനും ലഭിച്ചു അതിലൊരിടം.

അതോടെ കെയ്ക്കുണ്ടാക്കിയ ബേക്കറിയുടെ വിവരവും പുറത്തായി. ജന്മദിന കെയ്ക്ക് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വളരെ പെട്ടെന്നാണ് ആവശ്യക്കാർ കൂടിയതെന്ന് തൻവി ബൊക്കാരിയ പറഞ്ഞു. അതോടെ ചെന്നൈയിലുടനീളമുള്ള വിജയ് ആരാധകരിൽനിന്ന് ഓർഡറുകളുടെ പെരുമഴയായി.

''ഒറ്റരാത്രികൊണ്ടാണ് കെയ്ക്കിനൊപ്പംതന്നെ ഞങ്ങളുടെയും വളർച്ചയുണ്ടായത്. കെയ്ക്ക് ഉണ്ടാക്കുന്ന ഞങ്ങളുടെ ടീം വിജയ് ആരാധകരായതും കൂടുതൽ ഉണർവേകി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം 400 കെയ്ക്കുകൾ ചൂടപ്പംപോലെ വിറ്റു. പലർക്കും ഈ കെയ്ക്ക് ആവേശവും അഭിനിവേശവും ഒരു തരം ഭ്രാന്തുമായി. തുടക്കത്തിൽ മാമ്പഴ കെയ്ക്ക് എന്ന സാധാരണ പേരിലായിരുന്നു വിൽപ്പന. എന്നാൽ, പൊടുന്നനെ പേരുമാറി 'സി.എം.കെയ്ക്ക്' എന്നായി. ഇപ്പോൾ 'സി.എം. കെയ്ക്ക് കിട്ടുമോ' എന്നു ചോദിച്ചെത്തുന്നവർക്ക് കൈയും കണക്കുമില്ല'' -തൻവി ബൊക്കാരിയ പറഞ്ഞു.

Content Highlights: Vijay's 52nd birthday cake became a viral sensation in Chennai., Known as the 'CM Cake', 400 units were sold in just two weeks., The cake features a unique mango-vanilla flavor profile., Social media buzz following Trisha's birthday post fueled the demand., Bakery owner Tanvi Bokaria reports unprecedented interest from fans.