ഒരു പോരാളിയെപ്പോലെയാണ് കത്രീന ഗർഭകാലം കൈകാര്യം ചെയ്തത്, അവർ ഒരു സൂപ്പർ ഹീറോ - വിക്കി കൗശൽ

#Movies Desk
Photo Credit: instagram@vickykaushal09
Photo Credit: instagram@vickykaushal09

ബോളിവുഡ് ആരാധകരുടെ പ്രിയതാരങ്ങളാണ് കത്രീന കൈഫും വിക്കി കൗശലും. 2025 നവംബർ ഏഴിനാണ് ഈ താരദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത്. കത്രീന തന്റെ ഗർഭകാലവും മാതൃത്വവും ഒരു പോരാളിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് പറയുകയാണ് വിക്കി. അവർ ഒരു സൂപ്പർ ഹീറോ തന്നെയാണെന്നും വിക്കി പറഞ്ഞു.

മുംബൈയിൽ ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ സംഘടിപ്പിച്ച പുരസ്കാര ചടങ്ങിലാണ് വിക്കി കത്രീനയുടെ മാതൃത്വത്തെ വാഴ്ത്തിയത്. ഒരു ബ്രാൻഡ് ന്യൂ ഡാഡ് എന്ന നിലയിൽ എന്ത് തോന്നുന്നു എന്ന നടി നേഹ ധൂപിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസം പ്രായമുള്ള തന്റെ മകൻ വിഹാനെക്കുറിച്ച് പറഞ്ഞ വിക്കി കത്രീനയെ ഏറെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. ഗർഭകാലത്ത് കത്രീന കാണിച്ച കരുത്തിനെയും മാതൃത്വത്തെ അവർ സ്വീകരിച്ച രീതിയെയും എടുത്തുപറഞ്ഞ അദ്ദേഹം അവരെ ഒരു യഥാർഥ പോരാളി എന്ന് വിശേഷിപ്പിച്ചു.

“അച്ഛനായതിൽ സന്തോഷമുണ്ട്. അവനിപ്പോൾ മൂന്ന് മാസം പ്രായമേയുള്ളൂ. ആ പ്രായത്തിൽ ഒരച്ഛന് ചെയ്യാൻ കുറച്ച് കാര്യങ്ങളേയുള്ളൂ, ഞാൻ അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള വെറുമൊരു ‘ചിയർ ലീഡർ’ ആയി നിൽക്കാൻ ശ്രമിക്കുകയാണ്. എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവൻ വളരുന്നതിനായി കാത്തിരിക്കുകയാണ്.”- വിക്കി പറഞ്ഞു.

“ഇപ്പോൾ അമ്മ ഒരു സൂപ്പർ ഹീറോയായി തുടരുന്നു; ഗർഭകാലത്തുടനീളം അവർ ഒരു പോരാളിയായിരുന്നു, അമ്മ എന്ന നിലയിലും അവർ ഒരു പോരാളിയാണ്. എനിക്ക് അവരെക്കുറിച്ച് വലിയ അഭിമാനമുണ്ട്, ഞാൻ അവരെ അത്രമേൽ സ്നേഹിക്കുന്നു.”- വിക്കി കൂട്ടിച്ചേർത്തു.

ഓരോ ദിവസവും ഓരോ വികാരങ്ങളാണ് തന്നിലെത്തുന്നതെന്നാണ് ജിക്യു ഇന്ത്യയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ അച്ഛനായതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് വിക്കി പറഞ്ഞത്. വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത വികാരമാണതെന്നും വിക്കി പറഞ്ഞു.

2021 ഡിസംബർ ഒമ്പതിന് രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ നടന്ന ചടങ്ങിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. 2025 നവംബറിൽ ഇരുവർക്കും കുഞ്ഞു പിറന്നു.

2025-ൽ പുറത്തിറങ്ങിയ ഏറ്റവും അധികം വിജയം നേടിയ ചിത്രങ്ങളിലൊന്നായ ഛാവയാണ് വിക്കി കൗശലിനെ ബോളിവുഡിൽ ശക്തമായ നിലയിലേക്ക് ഉയർത്തിയത്. 807 കോടി രൂപയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാർ ആണ് വിക്കിയുടെ അടുത്ത ചിത്രം. രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ക്രിസ്മസ് എന്ന ചിത്രത്തിലാണ് കത്രീന ഏറ്റവും ഒടുവിൽ വെള്ളിത്തിരയിലെത്തിയത്.

Content Highlights: Bollywood star Vicky Kaushal praises wife Katrina Kaif as a "warrior" and "superhero" for her resilience during pregnancy and motherhood