നടൻ സുനിൽ ഥാപ്പ അന്തരിച്ചു; മേരി കോമിലെ പരിശീലകന്റേത് ഉൾപ്പെടെ നിരവധി വേഷങ്ങൾ ചെയ്ത താരം

നേപ്പാളിൽ നിന്നുള്ള മുതിർന്ന നടൻ സുനിൽ ഥാപ്പ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ കാഠ്മണ്ഡുവിൽ വെച്ചായിരുന്നു അന്ത്യമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിക്കുന്നതിന്റെ തലേരാത്രി വൈകിയും ഷൂട്ടിങ്ങിൽ സജീവമായിരുന്നു സുനിൽ ഥാപ്പയെന്ന് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (സിഐഎൻടിഎഎ) അനുശോചനക്കുറിപ്പിൽ പറഞ്ഞു. ‘റാം നാം സത്യോ ഹോ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്.
നേപ്പാളി സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വലുതും പകരം വെക്കാനില്ലാത്തതുമാണെന്ന് സിഐഎൻടിഎഎ അനുശോചനക്കുറിപ്പിൽ പറഞ്ഞു. എവറസ്റ്റ് ഫിലിം അക്കാദമിയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ നേപ്പാളി ചലച്ചിത്രമേഖലയ്ക്കായി ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കൂടുതലും വില്ലൻ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഥാപ്പ 2014-ൽ പുറത്തിറങ്ങിയ മേരികോം എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഏറെ ശ്രദ്ധേയനാകുന്നത്. ഇന്ത്യയുടെ അഭിമാനമായ ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മേരി കോമായി അഭിനയിച്ച പ്രിയങ്കാ ചോപ്രയുടെ പരിശീലകൻ എം. നർജിത് സിങ്ങായാണ് സുനിൽ ഥാപ്പ എത്തിയത്.
നേപ്പാളിലെ ദാങ്ങിൽ 1957 മേയ് 17-നാണ് സുനിൽ ഥാപ്പ ജനിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300-ലേറെ നേപ്പാളി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാനമായും വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് 1970-കളിൽ മുംബൈയിൽ മോഡലായാണ് അദ്ദേഹം കരിയർ തുടങ്ങിയത്. 1981-ൽ പുറത്തിറങ്ങിയ ഏക് ദുജേ കേ ലിയേ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. പിന്നീടും അദ്ദേഹം ചില ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. സൂപ്പർഹിറ്റ് വെബ് സീരീസായ ഫാമിലി മാന്റെ മൂന്നാം സീസണിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എവറസ്റ്റ് ഫിലിം അക്കാദമിയുടെ ചെയർപേഴ്‌സൺ എന്ന നിലയിൽ നേപ്പാളി ചലച്ചിത്രമേഖലയ്ക്കായി വലിയ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്.
Content Highlights: Veteran actor Sunil Thapa, widely known for playing Priyanka Chopra’s coach in the biopic Mary Kom, passed away at 68 following a heart attack in Kathmandu. Active until his final hours, he was filming for Ram Nam Satya Ho on Thursday night. With a career spanning four decades and over 300 films, the Everest Film Academy chairperson was a legendary figure in Nepali and Indian cinema.