മങ്കാത്തയേക്കാൾ 100 മടങ്ങ് വലുതായിരിക്കണം 'ഗോട്ട്' എന്ന് അജിത്ത് ആവശ്യപ്പെട്ടു -വെങ്കട്ട് പ്രഭു

വിജയ് നായകനാവുന്ന ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേക്ഷകരും. മാനാട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം വെങ്കട് പ്രഭുവാണ് ദ ഗോട്ട് ഒരുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ. ദ ഗോട്ടിനേക്കുറിച്ച് തമിഴിലെ മറ്റൊരു സൂപ്പർതാരമായ അജിത്ത് പറഞ്ഞ കാര്യമാണ് വെങ്കട്ട് പ്രഭു വെളിപ്പെടുത്തിയിരിക്കുന്നത്.
അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മങ്കാത്ത സംവിധാനംചെയ്തത് വെങ്കട്ട് പ്രഭുവാണ്. അടുത്തിടെ വികടൻ എന്ന തമിഴ് മാധ്യമത്തോട് സംസാരിക്കവേയാണ് ദ ഗോട്ടിനേക്കുറിച്ച് അജിത്ത് തന്നോടുപറഞ്ഞ കാര്യത്തേക്കുറിച്ച് സംവിധായകൻ മനസുതുറന്നത്. മങ്കാത്തയേക്കാൾ നൂറുമടങ്ങ് വലുതായിരിക്കണം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നാണ് അജിത്ത് തന്നോടുപറഞ്ഞതെന്ന് വെങ്കട്ട് പ്രഭു പറഞ്ഞു. വിജയിനെ വെച്ച് താൻ ഒരു ചിത്രം സംവിധാനംചെയ്യുന്നതിൽ അജിത്ത് വളരെ സന്തോഷവാനാണെന്നും വെങ്കട്ട് പ്രഭു വ്യക്തമാക്കി.
അജിത്തും വിജയ് യും തമ്മിലുള്ള അഗാധമായ അടുപ്പത്തേക്കുറിച്ചും വെങ്കട്ട് പ്രഭു പറഞ്ഞു. "അജിത്ത് സാർ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ഞാൻ കാണാൻ പോയിരുന്നു. അവിടെ വെച്ച് വിജയ് വിളിക്കുകയും ഫോൺ അജിത്ത് സാറിന് കൊടുക്കാനും പറഞ്ഞു. അന്ന് ഒരുപാടുനേരം അവർ സംസാരിച്ചു. അവർക്കിടയിൽ എത്രമാത്രം പോസിറ്റിവിറ്റിയുണ്ടെന്ന് ഞാൻ നേരിൽക്കണ്ടു." വെങ്കട്ട് പ്രഭുവിന്റെ വാക്കുകൾ.
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും ചിത്രത്തിലുണ്ട്. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുക. ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
യുവൻ ശങ്കർ രാജ ഈണമിട്ട മൂന്നുഗാനങ്ങൾ ഇതിനകംതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുക.
Content Highlights: venkat prabhu about actor ajith and the goat movie starring vijay