തമിഴ് നടി വത്സല രാജഗോപാൽ അന്തരിച്ചു; ‘റോജ’, ‘അന്യൻ’ ഉൾപ്പെടെ മുത്തശ്ശി വേഷങ്ങളിലൂടെ ശ്രദ്ധേയ

ചെന്നൈ: 'റോജ', 'അന്യൻ' തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ശ്രദ്ധേയയായ മുതിർന്ന തമിഴ് നടിയും നാടക കലാകാരിയുമായ വത്സല രാജഗോപാൽ (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഭൗതികശരീരം പല്ലാവരത്തുള്ള വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
നാടകരംഗത്ത് സജീവമായിരുന്ന അവർ അറുപതാം വയസ്സിലാണ് സിനിമാ അഭിനയത്തിലേക്ക് കടന്നുവരുന്നത്. മണിരത്നം സംവിധാനം ചെയ്ത 'റോജ' (1992) ആയിരുന്നു അരങ്ങേറ്റ ചിത്രം. തുടർന്ന് 'സതി ലീലാവതി', 'റിഥം', 'അന്യൻ', 'മൊഴി' ഉൾപ്പെടെ ഒട്ടേറെ തമിഴ് സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവർ അവതരിപ്പിച്ചു.
1979-ൽ നാടകവേദിയിലൂടെയാണ് വത്സല അഭിനയരംഗത്തേക്ക് എത്തുന്നത്. കാൽ നൂറ്റാണ്ടു നീണ്ട നാടക ജീവിതത്തിൽ 450-ഓളം നാടകങ്ങളിൽ അവർ വേഷമിട്ടു. 1990-കളിൽ തമിഴ് ടെലിവിഷൻ പരമ്പരകളുടെ തുടക്കകാലം മുതൽ ടെലിവിഷൻ രംഗത്തും സജീവസാന്നിധ്യമായിരുന്നു. 2013 വരെ സിനിമകളിൽ സജീവമായി തുടർന്ന അവർ തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശി കഥാപാത്രങ്ങളിലൂടെയാണ് ഓർമിക്കപ്പെടുന്നത്.
തിരുവനന്തപുരത്താണ് വത്സലയുടെ ജനനം. കുട്ടിക്കാലത്തേ നൃത്തത്തിലും നാടകങ്ങളിലും താത്പര്യമുണ്ടായിരുന്നു. 1953-ൽ വിവാഹത്തിന് ശേഷം ചെന്നൈയിലേക്ക് താമസം മാറി. അവിടെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ക്ലർക്കായി ജോലിയിൽക്കയറി. ഇവിടെ തമിഴിലെ വിഖ്യാത സംവിധായകൻ കെ. ബാലചന്ദറിന് കീഴിൽ ജോലി ചെയ്തിട്ടുണ്ട്.
കാർട്ടൂണിസ്റ്റ് ശ്രീധരന്റെ രസിക രംഗ എന്ന നാടകസംഘത്തിലൂടെയാണ് അരങ്ങിലെത്തുന്നത്. വത്സലയുടെ നാടകം കാണാൻ ഇടയായ മണിരത്നം, റോജയിൽ അവസരം നൽകി. മധുബാല അവതരിപ്പിച്ച റോജ എന്ന കഥാപാത്രത്തിന്റെ മുത്തശ്ശിയുടെ വേഷമായിരുന്നു വത്സല ചിത്രത്തിൽ അവതരിപ്പിച്ചത്. 60-ാം വയസ്സിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അന്യനിൽ അംബിയുടെ മുത്തശ്ശിയുടെ വേഷമാണ് ചെയ്തത്. തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
Content Highlights: Veteran Tamil actress and theatre artist Vatsala Rajagopal passed away in Chennai at age 93. Made her silver screen debut at age 60 in Mani Ratnam's acclaimed 1992 movie 'Roja'. Known for her prominent grandmother roles in hit films including 'Anniyan', 'Rhythm', and 'Mozhi'. Acted in around 450 plays over a 25-year theatre career that began in 1979. Born in Thiruvananthapuram, she later worked in Chennai where she collaborated with famed filmmaker K. Balachander.