ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദന, നടക്കാൻപോലും കഴിഞ്ഞില്ല; വരുൺ ധവാന്റെ 'ബോർഡർ 2' അനുഭവം

#മൂവി ഡെസ്ക്
വരുൺ ധവാൻ | ഫോട്ടോ: AFP
വരുൺ ധവാൻ | ഫോട്ടോ: AFP

ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ് ബോർഡർ 2. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ കേണൽ ഹോഷിയാർ സിങ് ദഹിയയെ അവതരിപ്പിച്ചത് വരുൺ ധവാനാണ്. സിനിമയുടെ ചിത്രീകരണത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വരുൺ ഇപ്പോൾ. ഒരു യുദ്ധരംഗം ചിത്രീകരിക്കുന്നതിനിടയിൽ തനിക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചതായി താരം വെളിപ്പെടുത്തി.

ബോർഡർ 2 ചിത്രീകരണത്തിനിടയിൽ തനിക്ക് ടെയിൽബോണിന് പരിക്കേൽക്കുകയും ഹെയർലൈൻ ഫ്രാക്ചർ സംഭവിക്കുകയും ചെയ്തതായി വരുൺ ധവാൻ പറഞ്ഞു. ഇപ്പോഴും ചികിത്സയിലാണെങ്കിലും, ഈ ബുദ്ധിമുട്ടുകൾ ബോർഡർ 2-ലെ തൻ്റെ യാത്രയെ അവിസ്മരണീയമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VarunDhawan (@varundvn)

"ബോർഡർ 2-ൽ എനിക്ക് സംഭവിച്ച ഏറ്റവും വലിയ പരിക്ക്. ക്യാമറയിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ ടെയിൽബോൺ ഒരു പാറയിൽ ശക്തിയായി ഇടിച്ചു. ഞാൻ അനുഭവിച്ച ഏറ്റവും വലിയ വേദനയായിരുന്നു അത്. ടെയിൽബോണിന് ഒരു ഹെയർലൈൻ ഫ്രാക്ചർ സംഭവിച്ചിട്ടുണ്ട്. അതിൽ നിന്ന് ഞാൻ ഇപ്പോഴും സുഖം പ്രാപിച്ചുവരുന്നു. അന്നത്തെ ദിവസം മുന്നോട്ടുകൊണ്ടുപോകാൻ എന്നെ സഹായിച്ച എൻ്റെ ടീമിന് നന്ദി. എനിക്ക് നടക്കാൻ പോലും കഴിഞ്ഞിരുന്നില്ല, പക്ഷേ ഞങ്ങൾ മുന്നോട്ട് പോയി. ഈ യാത്രക്ക് നന്ദി." വരുൺ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

വരുണിന് പരിക്കുപറ്റിയതിനെക്കുറിച്ച് ഇതേ രംഗത്തിൽ വരുണിനൊപ്പമുണ്ടായിരുന്ന നടൻ അലി മുഗൾ നേരത്തേ പറഞ്ഞിരുന്നു. കിടങ്ങിനുള്ളിലെ ചിത്രീകരണത്തിനിടയിൽ വരുൺ ഭിത്തിയിൽ ശക്തമായി ഇടിച്ച് വീഴുകയായിരുന്നെന്ന് അലി പറഞ്ഞു. ചിത്രീകരണം ഇടയ്ക്ക് നിർത്തിവെയ്ക്കേണ്ടിവന്നു. കഠിനമായ വേദനയെ അവഗണിച്ച് വരുൺ ധവാൻ ആ രംഗം പൂർത്തികരിച്ചു. അത് അദ്ദേഹത്തിന്റെ അർപ്പണമനോഭാവത്തെ കാട്ടിത്തന്നുവെന്നും അലി കൂട്ടിച്ചേർത്തു.

സണ്ണി ഡിയോൾ, ദിൽജിത് ദോസാഞ്ജ്, അഹാൻ ഷെട്ടി എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. അനുരാഗ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രം നിലവിൽ 200 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Varun Dhawan reveals severe tailbone injury and hairline fracture during intense Border 2 battle sequence filming. Despite pain, he completed the scene, showing dedication. Learn more about his challenging shoot.