ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടിയ ചിത്രമായി 'വരവ് '

വരവ് എന്ന ചിത്രത്തിന്റെ പോസ്റ്ററിൽനിന്ന് | ഫോട്ടോ: Facebook
വരവ് എന്ന ചിത്രത്തിന്റെ പോസ്റ്ററിൽനിന്ന് | ഫോട്ടോ: Facebook

ഷാജി കൈലാസിന്റെ മാസ്സ് അവതരണവും ജോജു ജോർജിന്റെ കരുത്തുറ്റ സാന്നിധ്യവും ഒന്നിക്കുന്ന ആക്ഷൻ വിരുന്ന് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. റിലീസ് ദിവസം 1.55 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ ചിത്രം നേടിയത്. വേൾഡ്‌വൈഡ് 4.35 കോടിയുടെ കളക്ഷനും ചിത്രം നേടി.

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'വരവ്'. എ.കെ. സാജൻ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം മികച്ച ആക്ഷൻ, വൈകാരിക മുഹൂർത്തങ്ങൾ, ത്രില്ലിംഗ് കഥപറച്ചിൽ എന്നിവ സമന്വയിപ്പിക്കുന്ന സിനിമാനുഭവമാണ്. ഷാജി കൈലാസിന്റെ സവിശേഷമായ അവതരണശൈലി ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ശക്തമായ കഥാപാത്രങ്ങളും തീവ്രമായ രംഗങ്ങളും മാസ് നിമിഷങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.

ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകത ആക്ഷൻ രംഗങ്ങളാണ്. ഏഴ് ഫൈറ്റ് മാസ്റ്റർമാർ ചേർന്നാണ് സിനിമയിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ആക്ഷൻ സീക്വൻസും വ്യത്യസ്ത ശൈലിയും ഉയർന്ന നിലവാരവും പുലർത്തുന്നു. തിയേറ്ററിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

സംഗീത സംവിധായകൻ സാം സി.എസ്. ചിത്രത്തിന് സംഗീതമൊരുക്കുന്നു എന്നതും വലിയ പ്ലസാണ്. കഥയുടെ തീവ്രത വർധിപ്പിക്കുന്ന പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ആക്ഷൻ രംഗങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും കൂടുതൽ കരുത്ത് നൽകാൻ അദ്ദേഹത്തിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവും പ്രമേയമാക്കുന്ന 'വരവ്' ഒരു മാസ് ആക്ഷൻ ചിത്രത്തിനൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ, അഭിമന്യു തിലകൻ, ബാബുരാജ,് അസീസ് നെടുമങ്ങാട്, സാനിയ അയ്യപ്പൻ, വിൻസി അലോഷ്യസ്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നു.

ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ശരവണനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനിഷ് എന്നിവരാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മികവും വലിയ പ്രതീക്ഷ നൽകുന്ന ഘടകമാണ്. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്‌ഫോർത്ത്.

Content Highlights: Varavu records Joju George's highest ever opening day collection., Global box office opening stands at 4.35 Crores., First-time collaboration between director Shaji Kailas and Joju George., Features high-octane action sequences choreographed by seven fight masters., Star-studded cast including Vani Viswanath, Arjun Ashokan, and Saniya Iyappan.