അച്ഛനും അമ്മയും വേർപിരിയാൻ കാരണം രാധികയാണെന്നാണ് അന്ന് കരുതിയത്- വരലക്ഷ്മി ശരത്കുമാർ

#Movie Desk
വരലക്ഷ്മി ശരത്കുമാർ, ശരത്കുമാറിനും രാധികയ്ക്കും പൂജയ്ക്കുമൊപ്പം വരലക്ഷ്മി
വരലക്ഷ്മി ശരത്കുമാർ, ശരത്കുമാറിനും രാധികയ്ക്കും പൂജയ്ക്കുമൊപ്പം വരലക്ഷ്മി

മാതാപിതാക്കളുടെ വിവാഹമോചനത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാർ. അച്ഛൻ ശരത് കുമാറിനേക്കുറിച്ചും അദ്ദേഹത്തിന്റെ നിലവിലെ ഭാര്യയും നടിയുമായ രാധികയേക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ നിരന്തരം പങ്കുവെക്കാറുള്ളയാളാണ് വരലക്ഷ്മി. കുട്ടിക്കാലത്ത് അച്ഛൻ തന്റെ അമ്മ ഛായാ ദേവിയുമായി വേർപിരിയാൻ കരണം രാധികയാണെന്ന് കരുതിയിരുന്നുവെന്നാണ് വരലക്ഷ്മി പറഞ്ഞത്. രാധികയുടെ മകളും സ്റ്റെപ് സിസ്റ്ററുമായ റയാന്റെ പോഡ്കാസ്റ്റ് ഷോയ്ക്കിടെയാണ് വരലക്ഷ്മി ഇതേക്കുറിച്ച് പങ്കുവെച്ചത്.

ആദ്യമൊക്കെ മാതാപിതാക്കളുടെ വിവാഹമോചനത്തിൽ രാധികയെ കുറ്റപ്പെടുത്തിയിരുന്നു എന്നാണ് വരലക്ഷ്മി പറഞ്ഞത്. പിന്നീടാണ് രാധികയല്ല കാരണമെന്ന് മനസ്സിലാക്കിയത്. രാധിക അമ്മയുടെയും അച്ഛന്റെയും വിവാഹജീവിതം ഇല്ലാതാക്കിയെന്നാണ് കരുതിയത്. പക്ഷേ അവരല്ല അമ്മയും അച്ഛനും പിരിയാൻ കാരണം. രാധിക വരുന്നതിനുമുമ്പേ അവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വരലക്ഷ്മി പറഞ്ഞു. 

ആദ്യമൊക്കെ ആന്റിയും(രാധിക) ഞാനും തമ്മിൽ നല്ല ചേർച്ചയിലായിരുന്നില്ല. വളർന്നതോടെ എല്ലാവർക്കും അവരുടേതായ ചോയ്സുകളുണ്ടെന്ന് മനസ്സിലാക്കി. ഇന്ന് ആന്റിയുമായി സ്നേഹം നിറഞ്ഞ ബന്ധമാണുള്ളത്, എന്റെ അമ്മയുമായും ആന്റി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്- വരലക്ഷ്മി പറഞ്ഞു.

ചെറുപ്പത്തിൽ അച്ഛനും അമ്മയുടെയും വേർപിരിഞ്ഞതോടെ തനിക്ക് അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതോടെ ആ ദേഷ്യം കൂടുതലായി. പക്ഷേ ക്രമേണ അത് ശരിയായി. അച്ഛനും അമ്മയും വിവാഹമോചിതരായതോടെയാണ് കൂടുതൽ സന്തുഷ്ടരായത് എന്ന് താൻ പിന്നീട് മനസ്സിലാക്കി- വരലക്ഷ്മി പറയുന്നു.

1981-ലാണ് ശരത്കുമാറും ഛായാ ദേവിയും വിവാഹിതരാവുന്നത്. ഇരുവർക്കും വരലക്ഷ്മിയെക്കൂടാതെ പൂജ എന്നൊരു മകൾ കൂടിയുണ്ട്. 2000-ൽ ഇരുവരും വേർപിരിഞ്ഞു. 2001-ലാണ് ശരത്കുമാറും രാധികയും വിവാഹം കഴിക്കുന്നത്. രാധികയ്ക്ക് മുൻവിവാഹത്തിൽ റയാൻ എന്ന മകളും ശരത് കുമാറിൽ രാഹുൽ എന്ന മകനുമുണ്ട്.