ഉള്ളുതൊടുന്ന അനുഭവം, നോവോടെയല്ലാതെ ചിത്രം കാണാനാവില്ല; ‘വലതുവശത്തെ കള്ളനെ’ പ്രശംസിച്ച് ഹനീഫ് അദേനി

#Movie Desk
ചിത്രത്തിന്റെ പോസ്റ്റർ, ഹനീഫ് അദേനി
ചിത്രത്തിന്റെ പോസ്റ്റർ, ഹനീഫ് അദേനി

ജീത്തു ജോസഫിന്‍റെ 'വലതുവശത്തെ കള്ളൻ' എന്ന ചിത്രം കണ്ടശേഷം സംവിധായകൻ ഹനീഫ് അദേനി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. സിനിമ കേവലം ഒരു ത്രില്ലർ എന്നതിലുപരി, പ്രേക്ഷകന്‍റെ ഉള്ളുലയ്ക്കുന്ന ഒരു വൈകാരിക യാത്രയാണെന്നാണ് അദ്ദേഹം പറയുന്നത്.

'വേട്ടയാടുന്ന, സത്യസന്ധമായ, വൈകാരികമായ' അനുഭവം എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. സിനിമ കണ്ടുകഴിഞ്ഞാലും അതിലെ കഥാസന്ദർഭങ്ങൾ നിങ്ങളെ പിന്തുടരും. ഒട്ടും നാടകീയതകളില്ലാതെ ഒരു അച്ഛന്‍റെ വികാരങ്ങളെ സത്യസന്ധമായി ചിത്രം ആവിഷ്കരിച്ചിട്ടുണ്ട്. ഉള്ളിൽ ഒരു നോവോടെയല്ലാതെ ഈ ചിത്രം കണ്ടുതീർക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

സാധാരണ ക്രൈം സിനിമകളിൽ സസ്പെൻസ് ആണ് പിരിമുറുക്കം നൽകുന്നതെങ്കിൽ, ഇവിടെ അച്ഛൻ എടുക്കുന്ന ഓരോ തീരുമാനവും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നതാണ്. "ഇനി എന്ത് സംഭവിക്കും?" എന്നതിലുപരി ഞാനാണ് ആ സ്ഥാനത്തെങ്കിൽ എന്ത് ചെയ്യുമായിരുന്നു? എന്ന ചിന്തയാണ് പ്രേക്ഷകനിൽ ഉണ്ടാകുന്നത്. ദൃശ്യവും മെമ്മറീസും ഉൾപ്പെടെയുള്ള ത്രില്ലറുകൾ ഒരുക്കിയിട്ടുളഅള ജീത്തു ജോസഫ് ത്രില്ലർ സിനിമകൾക്ക് പുതിയൊരു നിർവ്വചനം നൽകുകയാണ് ഈ സിനിമയിലൂടെ. സാധാരണയായി നമ്മൾ കാണുന്ന ട്വിസ്റ്റുകൾക്കും സർപ്രൈസുകൾക്കും അപ്പുറം മനുഷ്യബന്ധങ്ങളുടെ തീവ്രതയിലൂടെ കഥ പറയുന്ന ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്.

മക്കൾക്ക് വേണ്ടി ഒരു അച്ഛൻ എത്ര ദൂരം പോകും? ആ യാത്രയിൽ അയാൾക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങൾ എന്തൊക്കെയാവാം? ഈ ചോദ്യങ്ങൾക്കുള്ള ഹൃദയസ്പർശിയായ മറുപടിയാണ് വലതുവശത്തെ കള്ളൻ.

Content Highlights: Filmmaker Haneef Adeni has praised Jeethu Joseph’s Valathuvashathe Kallan.