ഷൂട്ടിങ്ങില്ല, അഭിനയമില്ല, ഇതാ സമ്പൂർണ എഐ സിനിമ; ‘വാഗ്‌ദത്തഭൂമി’ ഉടൻ പ്രദർശനത്തിന്

#കെ.ബി. ദിലീപ്കുമാർ
വാഗ്ദത്ത ഭൂമി എന്ന ചിത്രത്തിന്റെ പോസ്റ്റർ
വാഗ്ദത്ത ഭൂമി എന്ന ചിത്രത്തിന്റെ പോസ്റ്റർ

ഇരിങ്ങാലക്കുട: മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ ദൃശ്യഭാഷയ്ക്കും സാങ്കേതിക വിപ്ലവത്തിനും പ്രോത്സാഹനമേകി സമ്പൂർണ എഐ (നിർമ്മിത ബുദ്ധി) സിനിമ. 'വാഗ്‌ദത്തഭൂമി' എന്നു പേരിട്ടിട്ടുള്ള സിനിമ അടുത്തുതന്നെ പ്രദർശനത്തിനെത്തും. ഇന്ത്യയിലെ ആദ്യത്തെ 'എഐ ആർട്ട്ഹൗസ്' സിനിമയെന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ഒരു രംഗംപോലും ക്യാമറയിൽ ഷൂട്ട് ചെയ്യാതെ പൂർണമായും കംപ്യൂട്ടറിലെ വിവിധ എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ വിഇഒ 3 (Google Veo 3), ഹിഗ്‌സ്‌ഫീൽഡ്, ഓപ്പൺ ആർട്ട്, ഇലവൻ ലാപ്സ്, സിഡാൻസ് 2, ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ എഐ മോഡലുകൾ ഉപയോഗിച്ച് പൂർത്തിയാക്കിയ ചിത്രം 72 മിനിറ്റുണ്ട്. കഥാപാത്രങ്ങളുടെ ഭാവങ്ങൾക്കായി യഥാർഥ മനുഷ്യരുടെ മുഖങ്ങളാണ് എഐ മാതൃകയാക്കിയിരിക്കുന്നത്.

ഷാജു വാലപ്പൻ, ഡോ. അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ, ജോസ് മാമ്പിള്ളി, നസീമ അറയ്ക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ. പോണത്ത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ദിക്ക് പറവൂർ എന്നിവരാണ് കഥാപാത്രങ്ങളുടെ മുഖങ്ങൾക്ക് മോഡലുകളായിരിക്കുന്നത്. ദേശീയ-അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയനായ സിദ്ദിക്ക് പറവൂരാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നവാഗത സംവിധായകനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക് അവാർഡ് നേടിയ 'നിഴൽ വ്യാപാരികൾ' എന്ന ചിത്രത്തിന്റെ സംവിധായകനും പ്രവാസി വ്യവസായിയുമായ ഷാജു വാലപ്പനാണ് നിർമാതാവ്.

ചിത്രത്തിന്റെ സംവിധായകൻ സിദ്ദിഖ് പറവൂർ, നിർമാതാവ് ഷാജു വാലപ്പൻ

ഇഹ്ലാസ് റഹ്‌മാനാണ് സഹസംവിധായകൻ. കൊടുങ്ങല്ലൂരിലെ ചന്ദ്രബോസ് ബോസ് ബാൻഡ് സ്റ്റുഡിയോയിലാണ് സാങ്കേതിക ജോലികൾ പൂർത്തിയാക്കിയത്.

ഒരു എഐ സിനിമയാണെങ്കിലും മനുഷ്യബന്ധങ്ങളുടെയും കർഷകജീവിതത്തിന്റെയും കഥയാണ് 'വാഗ്‌ദത്തഭൂമി' പങ്കുവെക്കുന്നത്. ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചശേഷം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ഷാജു വാലപ്പൻ പറഞ്ഞു.

Content Highlights: The 72-minute long movie Vagdathabhumi directed by Siddique Paravoor and produced by Shaju Valappan is Indias first complete AI-generated arthouse film made without recording any scenes on a camera.