കിണറ്റിൽ കണ്ടെത്തിയ മൃതദേഹം, പിന്നാലെ ചില തിരോധാനക്കേസുകളും; എം.പദ്മകുമാർ-റോഷൻ ടീമിന്റെ ‘ഉയിർ’ ടീസർ

#മൂവി ഡെസ്ക്
ഉയിർ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്
ഉയിർ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

ഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഉയിർ' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. 'വർഗം', 'വാസ്തവം', 'ശിക്കാർ', 'ജോസഫ്' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം എം. പത്മകുമാർ ഒരുക്കുന്ന ഈ ചിത്രം മികച്ചൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു പ്രധാന വേഷത്തിൽ എത്തുന്നു.

കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ടീസറിൽ ദുരൂഹമായ ഒരു മരണവും തുടർന്നുള്ള അന്വേഷണവുമാണ് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും അത് ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധവുമെല്ലാം ടീസറിൽ ചർച്ചയാവുന്നുണ്ട്.

ടെലിവിഷൻ രംഗത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖിൽ കെ. മേനോനും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ഇല വീഴാ പൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനും യഥാർത്ഥ പോലീസ് ഉദ്യോഗസ്ഥനുമായ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു യഥാർത്ഥ ഉദ്യോഗസ്ഥന്റെ അനുഭവങ്ങളും സിനിമാറ്റിക് ശൈലിയും ചേരുന്ന തിരക്കഥ ചിത്രത്തിന് കൂടുതൽ തനിമ നൽകുന്നു.

റോഷൻ മാത്യുവിനൊപ്പം നടൻ ബൈജു സന്തോഷ്‌ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ വിനീത് തട്ടിൽ, ദിവ്യ എം. നായർ, സന്തോഷ് ത്രിവിക്രമൻ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, വിനോദ് സാഗർ, അതുല്യ ചന്ദ്ര, ശ്രുതി മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള നടീനടന്മാർക്ക് പുറമെ ബോളിവുഡിലെ പ്രമുഖ അഭിനേതാക്കളായ സയാമി ഖേർ, മഹേഷ്‌ ഷെട്ടി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂർഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ എന്നിങ്ങനെ അഞ്ച് വ്യത്യസ്തമായ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

പൊറിഞ്ചു മറിയം ജോസ്', 'ഗരുഡൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ക്യാമറ ചലിപ്പിച്ച് ശ്രദ്ധേയനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് 'ഉയിരി'ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്യുമ്പോൾ, മുതിർന്ന ചിത്രസംയോജകൻ രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർവ്വഹിക്കുന്നു. വരികൾ ഒരുക്കിയിരിക്കുന്നത് ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരാണ്.

ഒരു മികച്ച സസ്പെൻസ് ത്രില്ലറായിരിക്കും ചിത്രമെന്ന ഉറപ്പാണ് ടീസർ പ്രേക്ഷകർക്ക് നൽകുന്നത്. 'നീതി വ്യക്തിപരമാകുമ്പോൾ' എന്ന ആശയത്തെ മുൻനിർത്തി ഒരുങ്ങുന്ന 'ഉയിർ' തിയേറ്ററുകളിൽ വലിയൊരു ദൃശ്യവിരുന്ന് തന്നെ സമ്മാനിക്കുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ: സാബുറാം, പ്രൊമോ സോങ്ങ്: ചാൾസ് നസ്രേത്ത്, മേയ്ക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: ആയിഷ ഷഫീർ സെയ്ത്, സ്റ്റണ്ട്സ്: തവസി രാജ്, ക്രിയേറ്റീവ് ഹെഡ്: നിഖിൽ കെ. മേനോൻ, സൗണ്ട് ഡിസൈൻ: അരുൺ വർമ്മ, വി.എഫ്.എക്സ്: ശരത് വിനു, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Content Highlights: The highly anticipated teaser for director M. Padmakumar's upcoming real-life inspired investigation thriller 'Uyir', starring Roshan Mathew, Saiyami Kher, and Baiju Santhosh, has been officially released.