ഒരു വര്‍ഷം പിന്നിട്ട് ഉയരെ, ഉയരങ്ങളിലേക്ക് പറന്ന് പാര്‍വതി

-
-

പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ റിലീസായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ലോക പൈലറ്റ് ദിനമായ ഏപ്രില്‍ 26 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

ഉയരെയുടെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് പാര്‍വതി. 'നമ്മളോരോരുത്തരുടെയും ഇടയില്‍ പല്ലവിയുണ്ട്. ആ കരുത്തിനും മനഃശക്തിയ്ക്കും സല്യൂട്ട്. ഉയരങ്ങളിലേക്ക് പറന്നുകൊണ്ടേയിരിക്കുന്നു. ഈ സ്‌നേഹത്തിനു നന്ദി...' എന്ന് പാര്‍വതി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

സ്‌നേഹിച്ച പുരുഷനില്‍ നിന്നും ആസിഡ് ആക്രമണത്തിന് ഇരയായി ഒടുവില്‍ ആ വേദനകളെ അതിജീവിച്ച് പൈലറ്റാവുക എന്ന ലക്ഷ്യത്തിനു പിന്നാലെ പായുന്ന പല്ലവിയെന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ പറഞ്ഞത്. പാര്‍വതിയുടെ അഭിനയത്തിന് നല്ലൊരു കൈയടി നേടിക്കൊടുത്ത ചിത്രമായിരുന്നു ഉയരെ. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം തിളങ്ങിയിരുന്നു. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു. 

ബോബി-സഞ്ജയ് ആണ് തിരക്കഥയെഴുതിയത്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ചു. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ഗോപീസുന്ദറാണ് സംഗീതം നല്‍കിയത്.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് ക്യൂബിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന,ഷെര്‍ഗ,എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.

Content Highlights : uyare movie one year parvathy thiruvothu asif ali tovino thomas 

Content Highlights: