ധുരന്ധറിനായി 'റംബാ ഹോ' റീമിക്‌സ് ചെയ്യും മുമ്പ് നിർമാതാക്കൾ തന്നെ സമീപിച്ചിരുന്നില്ല -ഉഷാ ഉതുപ്പ്

#Entertainment Desk
ഉഷാ ഉതുപ്പ് | Photo: AFP
ഉഷാ ഉതുപ്പ് | Photo: AFP

കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി ബോക്‌സ് ഓഫീസിൽ തരംഗം തീർത്ത ബോളിവുഡ് ചിത്രമാണ് ധുരന്ധർ. കളക്ഷൻ 1300 കോടിയിലേറെ സ്വന്തമാക്കി പുതിയ റെക്കോഡുകൾ സ്ഥാപിച്ച ചിത്രം ഒടിടിയിലെത്തിയപ്പോഴും സൂപ്പർഹിറ്റായിരുന്നു. ധുരന്ധറിലെ ഏറെ കൈയടി നേടിയ കാര്യങ്ങളിൽ ഒന്നാണ് പഴയകാല പാട്ടുകൾ റീമിക്‌സ് ചെയ്ത് ഉപയോഗിച്ചത്. അതിൽ തന്നെ ഏറ്റവും മികച്ചത് എന്ന് പ്രേക്ഷകർ വിശേഷിപ്പിച്ചത് ഉഷാ ഉതുപ്പ് ആലപിച്ച റംബാ ഹോ എന്ന ഗാനത്തിന്റെ റീമിക്‌സാണ്. ഇപ്പോഴിതാ, ഗാനം ധുരന്ധറിൽ റീമിക്‌സ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഉഷാ ഉതുപ്പ്.

തന്റെ ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പ് കേട്ട് സർപ്രൈസായെന്നാണ് ഉഷാ ഉതുപ്പ് പറയുന്നത്. റീമിക്‌സ് ചെയ്ത പതിപ്പ് ഗാനത്തിന് പുതുജീവനേകി. പുതിയ പതിപ്പിന്റെ ലിങ്ക് ഒരാൾ തനിക്ക് അയച്ചു തരികയായിരുന്നുവെന്നും അവർ പറഞ്ഞു. റേഡിയോ നശയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉഷാ ഉതുപ്പ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Also Read: സുരക്ഷാമേഖലയിൽ അനധികൃതമായി ഡ്രോൺ പറത്തി ഷൂട്ടിങ്; ധുരന്ധർ 2 അണിയറപ്രവർത്തകർക്കെതിരെ കേസ്

'ഒരാൾ എനിക്ക് ലിങ്ക് അയച്ചുതന്നു. പാട്ട് കേട്ടിട്ട് ഇത് അടിപൊളിയാണല്ലോ എന്ന് ഞാൻ അയാളോട് പറഞ്ഞു. ഈ ഗാനം മറ്റൊരാൾ പാടുന്നതിൽ വിഷമം തോന്നുന്ന ഒരാളല്ല ഞാൻ. പാട്ട് കേട്ട് ഞാൻ സന്തോഷവതിയായി. ഇടിമുഴക്കം പോലെയുള്ള ഈ പാട്ടിന്റെ തിരിച്ചുവരവ് അതിശയകരമാണ്. ഒരു പാട്ട് അത് പാടിയ ആളേക്കാൾ വലുതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് തെളിയിക്കുന്ന സംഭവമാണ് ഇത്.' -ഉഷാ ഉതുപ്പ് പറഞ്ഞു.

Don’t Miss: ജനനായകൻ റിലീസ് തിയ്യതി മുൻകൂട്ടി പ്രഖ്യാപിച്ചെന്ന് CBFC; ധുരന്ധർ 2 കൊണ്ട് തിരിച്ചടിച്ച് നിർമാതാക്കൾ

'എന്റെ ദൈവമേ... റംബാ ഹോ പുറത്തിറങ്ങിയിട്ട് 40 വർഷം കഴിഞ്ഞിരിക്കുന്നു. ഞാൻ ദൈവത്തോട് ഏറെ നന്ദിയുള്ളവളാണ്. വർഷങ്ങളായി എന്റെ ഷോകളിൽ ഈ പാട്ട് പാടാറുണ്ട്. എന്നാൽ പാട്ടിന്റെ ഈ തിരിച്ചുവരവ് ഗംഭീരമാണ്. മധുബന്തി അത് വളരെ മനോഹരമായി തന്നെ പാടി.' -ഉഷാ ഉതുപ്പ് തുടർന്നു. അതേസമയം ധുരന്ധറിന്റെ അണിയറപ്രവർത്തകർ ഗാനം റീമിക്‌സ് ചെയ്യുന്നതിന് മുമ്പ് തന്നെ വന്ന് കണ്ടിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

1981-ൽ പുറത്തിറങ്ങിയ അർമാൻ എന്ന ചിത്രത്തിലെ ഗാനമാണ് റംബാ ഹോ. ബാപ്പി ലാഹിരിയാണ് ഗാനം ഒരുക്കിയത്.

Content Highlights: Legendary singer Usha Uthup reacts to the viral remix of her 1981 hit 'Ramba Ho' in the blockbuster film Dhurandhar. While the producers did not approach her before the remix, Usha expressed her delight at the song's revival, praising singer Madhubanti for her performance and stating that a song is always greater than the artist.