'അറിവും അനുവാദവുമില്ലാതെ ഗർഭപാത്രം നീക്കംചെയ്തു'; ഉദിത് നാരായണിനെതിരേ പരാതിയുമായി മുൻഭാര്യ

#Movies Desk
ഉദിത് നാരായണനും ദീപ നാരായണും, രഞ്ജന ഝാ | Photo: AFP, UNI
ഉദിത് നാരായണനും ദീപ നാരായണും, രഞ്ജന ഝാ | Photo: AFP, UNI

പ്രശസ്ത ഗായകൻ ഉദിത് നാരായണിനെതിരേ പോലീസിൽ പരാതിയുമായി ആദ്യഭാര്യ രഞ്ജന ഝാ. തന്റെ അറിവോടെയല്ലാതെ ഗർഭപാത്രം നീക്കംചെയ്തുവെന്നാണ് പരാതി. ബിഹാർ സുപൗലിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് രഞ്ജന പരാതിയുമായെത്തിയത്.

ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് രേഖാമൂലമുള്ള പരാതി കൈമാറിയത്. ഉദിത് നാരായണിന് പുറമേ അദ്ദേഹത്തിന്റെ സഹോദരങ്ങളായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായണൻ ഝാ, രണ്ടാംഭാര്യ ദീപ നാരായണൻ എന്നിവർക്കെതിരേയും പരാതിയിൽ ആരോപണമുണ്ട്. ഇവർ ഗൂഢാലോചന നടത്തി, തന്റെ അറിവോടെയല്ലാതെ ചികിത്സയെന്ന വ്യാജേന ഗർഭപാത്രം നീക്കംചെയ്തുവെന്നാണ് ആരോപണം.

1984 ഡിസംബർ ഏഴിന് ഹിന്ദു ആചാരപ്രകാരം തങ്ങൾ വിവാഹിതരായെന്ന് 61-കാരിയായ രഞ്ജന പരാതിയിൽ പറയുന്നു. 1985-ൽ ഉദിത് നാരായണൻ മുംബൈയിലേക്ക് താമസം മാറി. ഈ സമയത്ത് ദീപയെ വിവാഹംചെയ്തതായി മാധ്യമങ്ങൾ വഴി അറിഞ്ഞു. എന്നാൽ, ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വിവാഹക്കാര്യം നിഷേധിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തുവെന്നും പരാതിയിൽ പറയുന്നു.

1996-ൽ ചികിത്സയ്ക്കായെന്ന വ്യാജേന ഉദിത്തും സഹോദരങ്ങളും തന്നെ ഡൽഹിയിലെ പ്രധാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ അറിവോ സമ്മതമോയില്ലാതെ ഗർഭപാത്രം നീക്കംചെയ്തു. ഈ സമയത്ത് ദീപ ആശുപത്രിയിൽ ഉണ്ടായിരുന്നതായും രഞ്ജന ആരോപിച്ചു. വർഷങ്ങൾക്കുശേഷമാണ് ഗർഭപാത്രം നീക്കംചെയ്ത കാര്യം പരിശോധനയിൽ തിരിച്ചറിഞ്ഞതെന്നും അത് തന്നെ വിഷാദത്തിലാക്കിയെന്നും അവർ ആരോപിച്ചു.

2006-ൽ മുംബൈയിൽ പോയപ്പോൾ ഉദിത്തും ദീപയും ചേർന്ന് അപര്യാദയായി പെരുമാറി. വീട്ടിൽ കയറാൻ അനുവദിച്ചില്ല. നേപ്പാളിൽ ഭർതൃമാതാവിനേയും പിതാവിനേയും കാണാൻ പോയപ്പോൾ അധിക്ഷേപിച്ച് ഇറക്കിവിട്ടു. അന്നുമുതൽ താൻ സ്വന്തം മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. കുടുംബകോടതിയേയും വനിതാ കമ്മിഷനേയും സമീപിച്ചിരുന്നു. തന്നെ ഉദിത് ഭാര്യയായി അംഗീകരിക്കുകയും ഒത്തുതീർപ്പിലെത്താമെന്ന് ഉറപ്പുനൽകുകയുംചെയ്തു. എന്നാൽ, പിന്നീട് വാക്കുമാറ്റുകയും തനിക്ക് ജീവിതച്ചെലവ് നിഷേധിക്കുകയും ചെയ്തു. നിരന്തരം വാഗ്ദാനലംഘനമുണ്ടായതോടെയാണ് വീണ്ടും നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതയായതെന്നും രഞ്ജന കൂട്ടിച്ചേർത്തു.

പരാതി ലഭിച്ചതായി സുപൗൽ സ്റ്റേഷൻ ഇൻ- ചാർജ് അഞ്ജു തിവാരി അറിയിച്ചു. മൂന്നുദശാബ്ദം പഴക്കമുള്ളതാണ് പരാതിയിലെ ആരോപണങ്ങൾ. പരാതി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

Content Highlights: Udit Narayan’s first wife Ranjana files complaint, accuses him of removing her uterus without her consent under the pretext of medical treatment