'ട്രംപിന്റെ സിനിമാ താരിഫ് അവസരമായി കാണണം'; ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യ താരിഫ് ചുമത്തണമെന്ന് സംവിധായകന്‍ അനുരാഗ് ബസു

യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ചലച്ചിത്രലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇതിനകം രംഗത്തുവന്നു. അക്കൂട്ടത്തില്‍ വ്യത്യസ്തമായൊരു പ്രതികരണമാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് ബസു നടത്തിയിരിക്കുന്നത്.
ട്രംപിന്റെ സിനിമാ തീരുവയെ ഇന്ത്യ അവസരമായി കാണണമെന്നാണ് അനുരാഗ് പറയുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ട് വേണം ട്രംപിന്റെ നടപടിയോട് ഇന്ത്യ പ്രതികരിക്കാനെന്ന് അദ്ദേഹം പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് ബസു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
Also Read: ‘നാളെ അയാൾക്കിത് ഓർമയുണ്ടാകുമോ’? സിനിമകൾക്ക് 100%തീരുവ പ്രഖ്യാപിച്ച ട്രംപിനെ പരിഹസിച്ച് സംവിധായകൻ
'ഇന്ത്യന്‍ സിനിമകള്‍ക്കുമേലുള്ള ട്രംപിന്റെ താരിഫ് ചിലപ്പോള്‍ ഒരു അനുഗ്രഹമായേക്കും. സമാനമായ താരിഫ് ഹോളവുഡ് സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് നമ്മള്‍ പ്രതികരിച്ചാല്‍ അത് കൂടുതല്‍ പ്രേക്ഷകരെ ഇന്ത്യന്‍ സിനിമകളിലേക്ക് എത്തിക്കും. വിദേശ സിനിമകള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണെന്ന് കണ്ടാല്‍ പ്രേക്ഷകര്‍ ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുക്കും. യുഎസ്സിലുണ്ടാകുന്ന വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടാന്‍ അതുവഴി കഴിയും.' -അനുരാഗ് ബസു പറഞ്ഞു.
നേരത്തേ ട്രംപിന്റെ സിനിമാ താരിഫിനെതിരെ സംവിധായകന്‍ കബീര്‍ ഖാനും രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കബീര്‍ ഖാന്‍ ചോദിച്ചത്. 'യുഎസ്സിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍' എന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിടിവിയോടാണ് കബീര്‍ ഖാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Content Highlights: Trump's 100% film tariff may be blessing in disguise, says director Anurag Basu