സ്വന്തം പകുതിമാത്രം പ്രായമുള്ള നായികയ്ക്കൊപ്പം അതിരുകടന്ന റൊമാൻസ്, രവിതേജയ്ക്ക് ട്രോളോട് ട്രോൾ

മിസ്റ്റർ ബച്ചൻ എന്ന ചിത്രത്തിൽ രവി തേജയും ഭാ​ഗ്യശ്രീ ബോഴ്സും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
മിസ്റ്റർ ബച്ചൻ എന്ന ചിത്രത്തിൽ രവി തേജയും ഭാ​ഗ്യശ്രീ ബോഴ്സും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

തെലുങ്ക് പ്രേക്ഷകർ മാസ് മഹാരാജ എന്ന് വിശേഷിപ്പിക്കുന്ന സൂപ്പർതാരമാണ് രവി തേജ. ഹരീഷ് ശങ്കർ സംവിധാനംചെയ്യുന്ന മിസ്റ്റർ ബച്ചൻ ആണ് രവിതേജയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഭാ​ഗ്യശ്രീ ബോഴ്സ് ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് ഹിറ്റ് ചിത്രമായ ദ റെയ്ഡിന്റെ റീമേക്ക് ആയെത്തുന്ന ചിത്രം ഒരു ​ഗാനത്തിന്റെ പേരിൽ ട്രോളുകളിൽ നിറയുകയാണ്.

ഈയിടെയാണ് ചിത്രത്തിനുവേണ്ടി മിക്കി ജെ മേയർ ഈണമിട്ട സിതാർ എന്ന ​ഗാനം പുറത്തിറങ്ങിയത്. എന്നാൽ ​ഗാനത്തേക്കാൾ ആളുകൾ ശ്രദ്ധിച്ചത് ​ഗാനത്തിലെ ​ഗ്ലാമർ അതിപ്രസരവും ആ രം​ഗത്തിലഭിനയിച്ച നായകന്റെയും നായികയുടേയും പ്രായവുമാണ്. 56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്ക്കൊപ്പം അതിരുകടന്ന രീതിയിൽ ​ഗാനരം​ഗത്തിലെത്തിയത് പക്ഷേ ആരാധകർക്ക് പരിഹസിക്കാനുള്ള കാരണമായിത്തീർന്നു.

​ഗാനം കൊള്ളാമെന്ന് വാദിക്കുന്നുണ്ടവരുണ്ടെങ്കിലും ​ചില രം​ഗങ്ങളും നൃത്തച്ചുവടുകളും നല്ലരീതിയിൽ കണ്ടിരിക്കാനാവില്ലെന്നാണ് പലരും വാദിക്കുന്നത്. ഇത്രയും പ്രായവ്യത്യാസമുള്ള രണ്ടുപേർ ഇതുപോലൊരു ​ഗാനരം​ഗത്തിൽ അഭിനയിക്കുന്നതിന്റെ ലോജിക്ക് എന്താണെന്ന് വിമർശകർ പറയുന്നു.

25 കാരിയായ ഭാഗ്യശ്രീ ബോർസിനൊപ്പം 56 കാരനായ രവി തേജയുടെ നൃത്തച്ചുവടുകൾ. ഇവിടെ നടിയുടെ മുഖം കാണിക്കാൻ പോലും സിനിമാ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല, കാരണം അവർക്ക് വേണ്ടത് അവരെ ​ഗ്ലാമർ പ്രദർശനത്തിനുള്ള ഒരു വസ്തുവാക്കുക എന്നതാണ് എന്നാണ് ഒരാളുടെ പ്രതികരണം.

നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കിൽ ഇത്തരം മോശം പ്രവണതകളിലേക്ക് ഇവർ പോകും. ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമർശനം അർഹിക്കുന്നുവെന്നും കമന്റുകളുണ്ട്.

ഈ വർഷം ആ​ഗസ്റ്റ് 15-നാണ് മിസ്റ്റർ ബച്ചന്റെ റിലീസ് നിഷ്ചയിച്ചിരിക്കുന്നത്.

Content Highlights: Actor Ravi Teja Trolled For 'Vulgar' Romance Scenes With Actress Half His Age