ആർആർആർ പ്രിയപ്പെട്ട ചിത്രം; രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ട്രാൻസ്ഫോമേഴ്സ് താരം

ആർ.ആർ.ആറിൽ നിന്നും, ടോബി വി​ഗ്വേ | PHOTO: PTI, FACEBOOK/ TOBE NWIGWE
ആർ.ആർ.ആറിൽ നിന്നും, ടോബി വി​ഗ്വേ | PHOTO: PTI, FACEBOOK/ TOBE NWIGWE

ലോകമെമ്പാടും ഒട്ടനവധി ആരാധകരെ നേടിയ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ. ചിത്രത്തിലെ 'നാട്ടു നാട്ടു' ​ഗാനം ഓസ്കർ കൂടി നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി വർ‍ദ്ധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമുണ്ടാകുമെന്ന് രാജമൗലി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, ആർ.ആർ.ആറിന്റെ രണ്ടാം ഭാ​ഗത്തിൽ അഭിനയിക്കാനുള്ള ആ​ഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്ഫോമേഴ്സ് താരവും ​ഗായകനുമായ ടോബി വീ​ഗ്വേ. ട്രാൻസ്ഫോമേഴ്സ്  സീരിസിലെ ഏറ്റവും പുതിയ ചിത്രമായ 'ട്രാൻസ്ഫോമേഴ്സ് : റൈസ് ഓഫ് ദ് ബീസ്റ്റ്സിൽ ടോബി അഭിനയിക്കുന്നുണ്ട്. 

ആർ.ആർ.ആർ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണെന്ന് ടോബി പറഞ്ഞു. ​ആർ.ആർ.ആർ ​ഗംഭീരസിനിമയാണെന്ന് അഭിപ്രായപ്പെട്ട താരം ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുക്കുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി. ജൂനിയർ എൻ.ടി.ആറിനെ പ്രകീർത്തിക്കാനും താരം മറന്നില്ല. ജൂനിയർ എൻ.ടി.ആർ അസാധാരണ പ്രതിഭയാണെന്നും ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയിരുന്നെങ്കിൽ തന്റെ വേഷം ചെയ്യാൻ യോജിച്ചത് ജൂനിയർ എൻ.ടി.ആർ ആണെന്നും ടോബി കൂട്ടിച്ചേർത്തു. 

ഹിറ്റ് ചിത്രമായ ആര്‍.ആര്‍.ആറിന് തുടർച്ച ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷമാണ് സംവിധായകന്‍ രാജമൗലി അറിയിച്ചത്. ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ 'ആര്‍.ആര്‍.ആറി'ന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വീണ്ടും സംവിധായകന്‍ പ്രതികരിച്ചിരുന്നു. 'ആര്‍.ആര്‍.ആറി'ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ പണികള്‍ വേഗത്തിലാക്കുമെന്ന് പറഞ്ഞ രാജമൗലി ഓസ്‌കര്‍ നേട്ടമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി 'ആര്‍.ആര്‍.ആറി'ല്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും കൊമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

Content Highlights: Transformers Rise of Beasts actor Tobe Nwige about rajamouli movie rrr