ആദ്യദിനം നൂറുകോടി ക്ലബ്ബിൽ, ചരിത്രനേട്ടത്തിൽ ഗീതു മോഹൻദാസ്; 150 കോടി പിന്നിട്ട് 'ടോക്സിക്'

റോക്കിങ് സ്റ്റാർ യഷ് നായകനായ 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രനേട്ടത്തോടെ തുടക്കം കുറിച്ചു. റിലീസ് ദിനത്തിൽ ചിത്രം ഇന്ത്യയിൽ നിന്ന് 108 കോടി നെറ്റ് കളക്ഷൻ നേടി. ഇതിൽ ബോളിവുഡിൽനിന്ന് മാത്രം 55.4 കോടി നെറ്റ് കളക്ഷനാണ് നേടിയത്. ആദ്യദിനത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 150 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു.
ചരിത്ര നേട്ടത്തോടെ ഇന്ത്യൻ ബോക്സ് ഓഫീസിൽ ആദ്യദിനം 100 കോടി പിന്നിടുന്ന ആദ്യ വനിതാ സംവിധായികയായി ഗീതു മോഹൻദാസ് മാറി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായൊരു നാഴികക്കല്ലാണ് നേട്ടം.
ഇതോടെ ഇന്ത്യയിൽ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ടോപ് 10 സംവിധായകരുടെ പട്ടികയിലും ഗീതു മോഹൻദാസ് ഇടം നേടി. ചിത്രത്തിന് എ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടും റിലീസ് ദിനത്തിൽ തന്നെ 108 കോടി നെറ്റ് കളക്ഷൻ നേടാനായത് നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
Content Highlights: Toxic earned 108 crore net in India on its opening day. Global gross collection surpassed 150 crore on day one. Geetu Mohandas became the first female director to cross 100 crore on opening day in Indian cinema.