അമ്പതടി ഉയരത്തിൽനിന്ന് താഴേക്ക്, ഒളിമ്പിക് പതാകയുമായി ടോം ക്രൂസിന്റെ 'മിഷൻ ലോസ് ആഞ്ചലിസ്'

പാരീസ് ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിലേക്ക് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് എത്തിയത് അതി നാടകീയവും സാഹസികവുമായി. സമാപനച്ചടങ്ങുകൾ നടന്ന സ്റ്റേഡ് ഡി ഫ്രാൻസിന്റെ മുകൾഭാഗത്തുനിന്ന് കയറിൽത്തൂങ്ങിയാണ് ടോം ക്രൂസ് വേദിയിലെത്തിയത്.
മിഷൻ ഇംപോസിബിൾ സിനിമയുടെ ഒരു ഭാഗം നേരിൽക്കണ്ടതുപോലുള്ള അനുഭവമാണ് പാരീസ് ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങുകൾ വീക്ഷിക്കാനെത്തിയവർക്ക് മുന്നിലേക്ക് ടോം ക്രൂസും സംഘാടകരും നൽകിയത്. പശ്ചാത്തലത്തിൽ ഗ്രാമി പുരസ്കാരജേതാക്കൾ അവതരിപ്പിച്ച മിഷൻ ഇംപോസിബിൾ സിനിമയുടെ സൗണ്ട് ട്രാക്ക്. കയറിൽത്തൂങ്ങി അമ്പതുമീറ്റർ മുകളിൽനിന്ന് ടോം ക്രൂസിന്റെ അതിസാഹസിക എൻട്രി. സ്റ്റേഡിയം ഒന്നടങ്കം അമ്പരന്ന നിമിഷം.
നിലത്തിറങ്ങിയ താരത്തിന് കൂടിനിന്നവരുടെ അഭിനന്ദനം. പ്രശസ്ത ജിംനാസ്റ്റിക് താരം സൈമൺ ബൈലിൽനിന്ന് ഒളിമ്പിക് പതാക വാങ്ങിയ ക്രൂസ് സ്വന്തം ബൈക്കിന് പിന്നിൽ കെട്ടി വേദി വിട്ടു.
തുടർന്നുള്ള രംഗങ്ങളെല്ലാം അടുത്ത ഒളിമ്പിക്സിന്റെ വരവറിയിച്ച് നേരത്തേ തന്നെ ചിത്രീകരിച്ചതായിരുന്നു. പാരീസിന്റെ നഗരവീഥികളിലൂടെ ചീറിപ്പായുന്ന ബൈക്ക് നേരെ വിമാനത്താവളത്തിലേക്ക്. ഒന്നുകൂടി വ്യക്തമാക്കിയാൽ വിമാനത്തിനകത്തേക്ക്. ഇവിടെനിന്ന് പതാക ഒളിമ്പിക്സിന്റെ അടുത്ത വേദിയായ ലോസ് ആഞ്ചലിസിലേക്ക്. ഒടുവിൽ ടോം ക്രൂസ് തന്നെ പ്രശസ്തമായ ഹോളിവുഡ് ഹിൽസിലെ ലോഗോയ്ക്ക് മുകളിൽ ചെറിയ മാറ്റം വരുത്തുന്നു. ഹോളിവുഡ് എന്ന് ഇംഗ്ലീഷിലെഴുതുമ്പോഴുള്ള രണ്ട് 'ഒ' കൾ എടുത്തുമാറ്റി പകരം ഒളിമ്പിക്സിന്റെ അഞ്ച് വളയങ്ങൾ ചേർത്തുവയ്ക്കുന്നു. എല്ലാത്തിനും ഒരു മിഷൻ ഇംപോസിബിൾ ഛായ.
ഇത്തവണത്തെ ഒളിമ്പിക്സ് സമാപനച്ചടങ്ങുകളുടെ മുഖ്യ ആകർഷണംതന്നെയായിരുന്നു ടോം ക്രൂസിന്റെ സ്റ്റൈലിഷ് പ്രകടനം. താരത്തിന് ലഭിച്ച എഴുന്നേറ്റുനിന്നുകൊണ്ടുള്ള കയ്യടിതന്നെയായിരുന്നു ഇതിനുള്ള തെളിവ്. ഇതിന്റെ രംഗങ്ങൾ ഇപ്പോൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
Content Highlights: tom cruise olympics 2024 adventure trip to los angeles