'ആശയവിനിമയം നിലച്ചതോടെ ദുരന്തം മണത്തു'; ടൈറ്റന്‍ ദുരന്തത്തിൽ പ്രതികരിച്ച് ടെെറ്റാനിക് സംവിധായകൻ

ജെയിംസ് കാമറൂൺ, ടെെറ്റൻ പേടകം | Photo: afp
ജെയിംസ് കാമറൂൺ, ടെെറ്റൻ പേടകം | Photo: afp

രുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകം തകർന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജെയിംസ് കാമറൂൺ. 1997-ൽ പുറത്തിറങ്ങിയ ടെെറ്റാനിക് സംവിധാനം ചെയ്തത് ജെയിംസ് കാമറൂണായിരുന്നു. ഡി കാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ജെയിംസ് കാമറൂൺ ടെെറ്റാനിക് ഒരുക്കിയത്. 

ഞായറാഴ്ച അപകടം നടക്കുന്ന സമയത്ത് താനൊരു കപ്പലിലായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. ജലപേടകത്തിൽ നിന്നുള്ള ആശയവിനിമയം നിലച്ചതോടെ താനൊരു ദുരന്തം മണത്തുവെന്നും എന്തോ സംഭവിക്കാൻ പോവുകയാണെന്ന തോന്നൽ തനിക്കുണ്ടായി എന്നും ജെയിംസ് കാമറൂൺ ചൂണ്ടിക്കാട്ടി. 

വിനാശകരമായ എന്തെങ്കിലും സംഭവിക്കാതെ ജലപേടകത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകില്ലെന്ന് സംഭവം അറിഞ്ഞയുടൻ താൻ പറഞ്ഞുവെന്നും തന്റെ ചിന്തയിൽ ആദ്യം വന്നത് ഉള്‍വലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണെന്നും സംവിധായകൻ വ്യക്തമാക്കി. 

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചതായി സ്ഥിരീകരണം വന്നിട്ടുണ്ട്. പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കണക്കാക്കുന്നതായി യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്താനി ബിസിനസുകാരന്‍ ഷെഹ്സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്‌സ്പെഡീഷന്‍സിന്റെ സി.ഇ.ഒ. സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.

മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങളുടെ സമീപത്ത് നിന്ന് കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ കാണാതായ ടൈറ്റനിന്റേതാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പേടകം പൊട്ടിത്തെറിച്ചതാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചത്. ടൈറ്റനിന്റെ പിന്‍ഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു.

കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം (ROV) ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ചതില്‍ നിന്നാണ് ഒരു പൊട്ടിത്തെറി നടന്നതായുള്ള അനുമാനത്തില്‍ വിദഗദ്ധര്‍ എത്തിയത്. വടക്കൻ അറ്റ്‍ലാന്റിക് സമുദ്രത്തിൽ ഇന്ത്യന്‍സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടൈറ്റന്‍ ഊളിയിട്ടത്. എന്നാല്‍ ഒരു മണിക്കൂര്‍ 45 മിനിറ്റിനകം ടൈറ്റനെ നിയന്ത്രിച്ചിരുന്ന ഉപരിതലത്തിലുണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കാനഡയുടെ ന്യൂഫൗണ്ട്ലാന്‍ഡ് തീരത്തുനിന്ന് 600 കിലോമീറ്റര്‍ അകലെ അറ്റ്ലാന്റിക് സമുദ്രോപരിതലത്തില്‍നിന്ന് 3800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക് ഉറച്ചിരിക്കുന്നത്. 1912-ല്‍ ബ്രിട്ടനിലെ സതാംപ്ടണില്‍നിന്ന് യു.എസിലെ ന്യൂയോര്‍ക്കിലേക്ക് 2200 പേരുമായി നടത്തിയ കന്നിയാത്രയില്‍ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ 1500-ലേറെപ്പേര്‍ മരിച്ചു. 1985-ല്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതുമുതല്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടക്കുന്നുണ്ട്. 
 

Content Highlights: Titanic director James Cameron react on tital incident