കപ്പ കൾച്ചറിന്റെ ഭ്രമലോകം കളറാക്കാൻ ജർമനിയിൽനിന്ന് ടിം ടേസ്റ്റ്

#Feature Desk
ടിം ടേസ്റ്റ്‌ | Photo: Facebook/ TiM TASTE
ടിം ടേസ്റ്റ്‌ | Photo: Facebook/ TiM TASTE

കൊച്ചി: “മ്മ്‌ക്കൊരു പരിപാടി കാച്ചിയാലോ...”തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ പരിപാടി കളറാകണം, ടേസ്റ്റാകണം. ‘മാതൃഭൂമി’ കപ്പ കൾച്ചറിന്റെ ഭ്രമലോകം കളറാക്കാനും ടേസ്റ്റാക്കാനും ജർമനിയിൽനിന്ന് ഒരാൾ വരുന്നുണ്ട്, ടിം ടേസ്റ്റ്. കാൽവിരൽത്തുമ്പ് മുതൽ മുടിയുടെ അഗ്രം വരെ സംഗീതം ഒരു വൈദ്യുതി പ്രവാഹമായി പടരുന്ന നേരം. ഒരു നിമിഷം പോലും നിശ്ചലമാകാൻ കഴിയാതെ ഓരോരുത്തരും നൃത്തച്ചുവടുകളുടെ ദ്വീപുകൾ സൃഷ്ടിക്കുന്ന നേരം. ഒടുവിൽ ആ ദ്വീപുകളെല്ലാം ചേർന്ന് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒരു വൻകരയാകുന്ന നേരം. ആ നേരത്ത് ആരവങ്ങളോടെ ആസ്വാദകരെല്ലാം അയാളുടെ സാന്നിധ്യത്തെ സ്വാഗതം ചെയ്യും... ടിം ടേസ്റ്റ്.

ഡി.ജെ.യും നിർമാതാവുമായ ടിം ടേസ്റ്റ് ഒരു മിനിമൽ ടെക്‌നോ എപ്പോഴും വാഗ്ദാനം ചെയ്യുന്ന കലാകാരനാണ്. വ്യക്തവും വൈവിധ്യപൂർണവുമായ ശബ്ദ പാറ്റേണുകൾ അദ്ദേഹത്തിന്റെ ശൈലിയുടെ സവിശേഷതയാണ്, അതിലൂടെ മെലഡിക് ഘടനകൾ കണ്ടെത്താനും വ്യതിരിക്തമായ ശബ്ദം പുറപ്പെടുവിക്കാനും കഴിയുന്നതാണ് ടിം ടേസ്റ്റിനെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നത്. പ്ലാസ്മ റെക്കോഡ്‌സ്, ഷിനോക്‌സ് മ്യൂസിക്, മിഷ്‌കോൺസം ആൻഡ് ഫിയേഴ്‌സ് അനിമൽസ് തുടങ്ങിയ വ്യത്യസ്ത ലേബലുകളിൽ ടിം ടേസ്റ്റ് തന്റെ ട്രാക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൃത്തം ചെയ്യാവുന്ന താളങ്ങളുടെയും ബീറ്റുകളുടെയും ആൾരൂപമായ ടിം ടേസ്റ്റ് സുബിയോസ് റെക്കോഡ്‌സിന്റെ സഹസ്ഥാപകനുമാണ്.

സംഗീത നിർമാണം ആരംഭിച്ചതുമുതൽ ടിം ടേസ്റ്റ് ഈ രംഗത്ത് തന്റേതായ ഒരു സംഗീത സാഗരം സൃഷ്ടിച്ചയാളാണ്. 200 ലധികം റിലീസുകളോടെ അദ്ദേഹത്തിന്റെ സ്വന്തം ലേബലായ സുബിയോസ് റെക്കോഡ്‌സ് തിളങ്ങുമ്പോൾ അതിന് ആസ്വാദകരുടെ നിറഞ്ഞ പിന്തുണയുണ്ട്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്.

ടിം ടേസ്റ്റ് കൊച്ചിയിൽ തീർക്കുന്ന സംഗീത സാഗരം അലയടിക്കാൻ ഇനി ഏതാനും ദിവസത്തെ കാത്തിരിപ്പ് മാത്രമേയുള്ളൂ. ഫെബ്രുവരി 20 മുതൽ 22 വരെയാണ് ബോൾഗാട്ടി പാലസിൽ മാതൃഭൂമി കപ്പ കൾച്ചർ അരങ്ങേറുന്നത്. സംഗീതവും ഫാഷനും ഫുഡും ഗെയിമുകളുമെല്ലാമായി കൾച്ചർ സൃഷ്ടിക്കുന്ന വിസ്മയ ലോകത്തിലേക്കെത്താൻ നിങ്ങളും കാത്തിരിക്കുകയാണെന്നറിയാം. കൾച്ചറിന്റെ വിസ്മയഭൂമികയിലേക്കുള്ള ആസ്വാദകർക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ആദ്യ ദിനത്തിലെ പ്രവേശന ടിക്കറ്റിന് 2000 രൂപയും അതിനടുത്ത ദിനങ്ങളിലേത് 2500 രൂപ വീതവുമാണ്. മൂന്ന് ദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് മതിയാകും.