'ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്'; ടൈഗർ ഷ്റോഫിന് ബിഷ്ണോയ് സംഘം നൽകിയ താക്കീത്

മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിനു തൊട്ടുപിന്നാലെയാണ് നടൻ ടൈഗർ ഷ്റോഫിനുനേരേ വെടിവെപ്പു നടന്നത്. രണ്ടു സംഭവങ്ങളിലും ലോറൻസ് ബിഷ്ണോയ് സംഘം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ആക്രമണത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. സിനിമാ മേഖലയിൽ, ഞങ്ങളുമായി സഖ്യമില്ലാതെ പ്രവർത്തിക്കുന്നവരോ സൽമാൻ ഖാനുമായി ചേർന്നു പ്രവർത്തിക്കുന്നവരോ കൊല്ലപ്പെടും. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നാണ് ബിഷ്ണോയ് സംഘം പറയുന്നത്.
അനിൽ പണ്ഡിറ്റും ഹർമൻ സന്ധുവും നിലവിൽ യു.എസിലാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. 2024-ൽ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശുഭം ലോങ്കറും യു.എസിലാണ്. ബാബാ സിദ്ദിഖി വധക്കേസിൽ പ്രധാന പ്രതിയായ അൻമോൾ ബിഷ്ണോയ്യെ 2025 നവംബറിൽ യു.എസിൽനിന്ന് നാടുകടത്തി എൻ.ഐ.എ. അറസ്റ്റു ചെയ്തിരുന്നു. ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ ഡൽഹിയിലെ തിഹാർ ജയിലിലാണുള്ളത്. ബിഷ്ണോയ് സംഘാംഗങ്ങൾ സൽമാൻ ഖാനെയോ കൂട്ടാളികളെയോ ലക്ഷ്യം വെക്കുന്ന രീതി വർഷങ്ങളായി തുടരുകയാണ്. കൃഷ്ണമൃഗവേട്ട സംബന്ധിച്ച കേസിനെ തുടർന്നാണ് സൽമാൻ ഖാനെതിരേ ബിഷ്ണോയി സംഘം രംഗത്തുവന്നത്.
2024 ഏപ്രിൽ 14-ന്, ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിൽ വെടിയുതിർത്തിരുന്നു. വെടിവെച്ചവരിൽ ഉൾപ്പെട്ട വിക്കി ഗുപ്തയും സാഗർ പാലും ഗുജറാത്തിൽ അറസ്റ്റിലായി. കേസിൽ ആയുധങ്ങൾ വിതരണം ചെയ്തുവെന്നാരോപിച്ച് അറസ്റ്റിലായ അനുജ് താപ്പാൻ മേയ് ഒന്നിന് പോലീസ് ലോക്കപ്പിൽ തൂങ്ങിമരിച്ചു.
2025 ജൂലായിൽ കാനഡയിലെ സറേയിലുള്ള ഒരു കഫേയിൽ മൂന്നുതവണ വെടിവെപ്പുണ്ടായി. സൽമാൻഖാനെ നെറ്റ്ഫ്ലിക്സ് ഷോയിലേക്ക് ക്ഷണിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ബിഷ്ണോയ് സംഘം ആരോപിച്ചു. 2026 ഫെബ്രുവരിയിൽ, ചലച്ചിത്ര നിർമാതാവ് രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീട്ടിലേക്ക് വെടിവെപ്പ് നടന്നു. ശുഭം ലോങ്കർ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പ്രചരിക്കുന്ന വീഡിയോയെക്കുറിച്ചും അന്വേഷിക്കും
മുംബൈ: ഒക്ടോബർ 18-ന് മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്റോഫിന്റെ കാറിനുനേരേ വെടിയുതിർക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. നടന്റെ കാർ ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് പുറത്തുകടക്കുമ്പോൾ നടന്ന വെടിവെപ്പും നിലവിളികളും ദൃശ്യങ്ങളിലുണ്ട്. ജുഹുവിൽ പുഷ്പാ പാർക്ക് പ്രദേശത്ത് വെടിവെപ്പ് നടന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംശയിക്കപ്പെടുന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസിനെ നിയോഗിക്കുകയും ചെയ്തു.
മാധ്യമ പ്രവർത്തകനായ ആദിത്യരാജ് കൗൾ തന്റെ ഔദ്യോഗിക അക്കൗണ്ടായ എക്സിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ജുഹു പോലീസ് സ്റ്റേഷനിൽനിന്ന് കഷ്ടിച്ച് 500 മീറ്റർ അകലെയാണ് പുഷ്പാ പാർക്ക്. നവരാത്രി ആഘോഷത്തിൽ നഗരം മുങ്ങി നിൽക്കുമ്പോഴാണ് ഇത്തരമൊരു സംഭവം. അതേസമയം, പ്രതിപക്ഷം സർക്കാരിനെതിരേ വിമർശനവുമായി രംഗത്തുവന്നു. ക്രമസമാധന നില പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. വെടിവെപ്പിനുശേഷം രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ ജുഹു പോലീസും മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി കുർള, ബാന്ദ്ര, കല്യാൺ, ദാദർ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് എട്ട് മുംബൈ പോലീസ് സംഘങ്ങളെ അയച്ചിട്ടുണ്ട്. ബിഷ്ണോയി സംഘത്തിന്റെ സാമൂഹികമാധ്യമ പോസ്റ്റിന്റെ ആധികാരികതയും പോലീസ് പരിശോധിച്ചുവരുകയാണ്.
Content Highlights: Following the shooting incident in Juhu targeting actor Tiger Shroff, members of the Lawrence Bishnoi gang issued a severe warning online, citing the actor's association with Salman Khan as the primary reason for the attack and threatening dire consequences for those who collaborate with Khan.