സ്ക്രീനിൽ സൽമാന്റെ മാസ്, തിയേറ്ററിൽ പടക്കംപൊട്ടിച്ചും പൂത്തിരി കത്തിച്ചും ആരാധകർ; വൈറൽ വീഡിയോ

ദീപാവലി ആഘോഷത്തിന് കൊഴുപ്പുകൂട്ടാനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് സൽമാൻ ഖാൻ നായകനായ ടൈഗർ 3. ചെറിയ ഇടവേളയ്ക്ക് ശേഷമെത്തിയ സൽമാൻ ചിത്രമെന്ന നിലയിൽ വൻ വരവേല്പാണ് ആരാധകർ ടൈഗറിന് നൽകിയത്. പക്ഷേ ഇതിൽ ചിലത് കൈവിട്ട് പോവുകയും ചെയ്തു. അങ്ങനെ ചില സംഭവങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്.
പ്രിയതാരത്തെ മാസ് ലുക്കിൽ സ്ക്രീനിൽ കണ്ടാൽ ആവേശം കൊള്ളുന്നവരാണ് ആരാധകർ. പക്ഷേ ടൈഗർ 3യുടെ പ്രദർശനത്തിനിടെ ആവേശം അതിരുവിട്ടു. സ്ക്രീനിൽ സൂപ്പർതാരം മാസ് കാണിക്കുമ്പോൾ മാലേഗാവിലെ ആരാധകർ അതാഘോഷിച്ചത് തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ്. അക്ഷരാർത്ഥത്തിൽ തിയേറ്ററിനകത്ത് ഒരു ദീപാവലി ആഘോഷം.
നാസിക്കിലെ മോഹൻ തിയേറ്ററിലെ ആരാധകരുടെ സകല നിയന്ത്രണവുംവിട്ടുള്ള ആഘോഷ പ്രകടനം തിയേറ്റർ അധികൃതർക്കും സിനിമ കാണാനെത്തിയ മറ്റുള്ളവർക്കും ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല സൃഷ്ടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണിപ്പോൾ. പടക്കം പൊട്ടിത്തെറിക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ ആളപായമൊന്നുമില്ല എന്നതാണ് ആശ്വാസകരമായ കാര്യം.