'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ഐഎക്‌സ് യാള്‍ട്ട ചലച്ചിത്രമേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക്

അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പ് നിര്‍മിച്ച് സജിന്‍ ബാബു സംവിധാനംചെയ്യുന്ന 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബര്‍ ഏഴിന് ഐഎക്‌സ് യാള്‍ട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ യൂറേഷ്യന്‍ ബ്രിഡ്ജ്- ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തില്‍ ലോക പ്രീമിയര്‍ ചെയ്യാനൊരുങ്ങുന്നു. മത്സര വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളില്‍ ഒന്നാണ് 'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'.
റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സര്‍ക്യൂട്ടുകളില്‍ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. കാന്‍ ചലച്ചിത്രമേളയില്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിനത്തിന് ഒരുങ്ങുകയാണ്.
'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബുവിന്റെ തനതും ശക്തവുമായ സിനിമാശൈലി ചിത്രത്തിലും കാണാന്‍ സാധിക്കും. അഞ്ജന ടാക്കീസ് നിര്‍മിച്ച ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് കോട്ടായി ആണ്.
'തീയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' റിലീസിന് മുമ്പ് തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിയിരുന്നു. 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും പ്രത്യേക ജൂറി പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ടൈം അന്താരാഷ്ട്ര ചലച്ചിത്രമേള, CinéV- CHD അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിലേക്കും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 16-ന് ചിത്രം തീയേറ്ററുകളിലത്തും.
Content Highlights: `Theatre: The Myth of Reality`, starring Rima Kallingal, premieres at the IX Yalta International Film Festival in the international competition section. Garnering accolades globally.