നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസി’ൽ വിക്രം മാലിക് ആയി രാഘവ് ജൂയാൽ; ഗ്ലിംസ് വീഡിയോ പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' ലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടർ ഗ്ലിംസ് വീഡിയോ പുറത്ത്. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടർ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജൂയാൽ. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി എത്തും.
'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമിക്കുന്നത്.
സ്‌റ്റൈലിഷ് വില്ലനായാണ് രാഘവ് ജൂയലിനെ ഗ്ലിമ്പ്‌സ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തിൽ ഒട്ടേറെ സ്വർണാഭരണങ്ങൾ അണിഞ്ഞ ലുക്കിൽ, നായകനായ നാനിയുടെ ജഡാൽ എന്ന കഥാപാത്രത്തെ തേടിയെത്തുന്ന വിക്രം മാലിക് എന്ന കഥാപാത്രത്തെ സ്‌റ്റൈലിഷ് എൻട്രി ആണ് ഗ്ലിമ്പ്‌സ് വീഡിയോയുടെ ഹൈലൈറ്റ്. നേരത്തെ ചിത്രത്തിലെ ആദ്യ ഗാനമായ 'ആയാ ഷേർ' പുറത്തു വരികയും ആഗോള തലത്തിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. യൂട്യൂബിൽ175 മില്യൺ കാഴ്ചക്കാരെയും നേടി ആഗോള തലത്തിൽ ഈ ഗാനം ഇപ്പോഴും ട്രെൻഡിങ് തുടരുകയാണ്. 1.7 മില്യൺ ലൈക്കും ഈ ഗാനം ഇതിനോടകം യൂട്യൂബിൽ നിന്ന് നേടിയിട്ടുണ്ട്.
ഈ ഗാനത്തിൽ നാനി കാഴ്ചവച്ച ഐക്കണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തിൽ വൈറലായി മാറിയിരുന്നു. ചിത്രത്തിലെ നാനിയുടെ അവതരണ ഗാനമായാണ് 'ആയാ ഷേർ' ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. ജേഴ്‌സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ദ പാരഡൈസ്'.
നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് 'ദ് പാരഡൈസ്' എത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്‌സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം - സി.എച്ച്. സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിങ്- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ- അവിനാഷ് കൊല്ല, ഓഡിയോ- സരിഗമ മ്യൂസിക്, മാർക്കറ്റിങ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.
Content Highlights: Raghav Juyal introduced as the antagonist Vikram Malik in The Paradise., The film is directed by Srikanth Odela and produced by Sudhakar Cherukuri., Global release scheduled for August 21, 2026, in eight languages., Features music by Anirudh Ravichander, including the viral hit 'Aaya Sher'., The film marks the reunion of Nani and director Srikanth Odela after Dasara.