'ദി കേരള സ്റ്റോറി'യുടെ സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; സംഗീതം എ. ആര്‍ റഹ്മാന്‍

വിവാദ ചിത്രം 'ദി കേരള സ്റ്റോറി'യുടെ സംവിധായകൻ സുദീപ്തോ സെന്നിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും വ്യവസായിയുമായ സുബ്രതാ റോയിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്യുന്നത്. 'സഹാറശ്രീ' എന്നാണ് ചിത്രത്തിന്റെ ടെെറ്റിൽ.
സുബ്രത റോയിയുടെ 75-മത്തെ ജന്മദിനമായ ജൂൺ 10-നാണ് നിർമ്മാതാക്കളായ സന്ദീപ് സിങ്, ഡോ. ജയന്തിലാൽ ഗഡ എന്നിവർ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസറും പുറത്തുവിട്ടിട്ടുണ്ട്. എ. ആർ റഹ്മാനാണ് സംഗീതം. ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.
ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. ഒരു സൂപ്പര്‍താരം തന്നെയായിരിക്കും സുബ്രത റോയിയെ അവതരിപ്പിക്കുകയെന്നാണ് വിവരങ്ങൾ. ഋഷി വിർമാണി, സുദീപ്തോ സെൻ, സന്ദീപ് സിങ് എന്നിവരുടേതാണ് തിരക്കഥ. അടുത്ത വർഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തും. മഹാരാഷ്ട്ര, ഉത്തർപർദേശ്, ഡൽഹി, ബിഹാർ, കൊൽക്കത്ത, ലണ്ടൻ എന്നിവിടങ്ങളിലാകും ചിത്രീകരണം.
Content Highlights: the kerala story director sudipto sen next movie announced saharasree