കേരളാ സ്റ്റോറി-1 സംവിധായകനെതിരെ കേരളാ സ്റ്റോറി-2 നിർമാതാവ്;കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് വിമർശനം

#മൂവി ഡെസ്ക്
വിപുൽ ഷാ, സുദീപ്തോ സെൻ | ഫോട്ടോ: X, സാബു സ്കറിയ \ മാതൃഭൂമി
വിപുൽ ഷാ, സുദീപ്തോ സെൻ | ഫോട്ടോ: X, സാബു സ്കറിയ \ മാതൃഭൂമി

ദ കേരള സ്റ്റോറി 2 എന്ന ചിത്രത്തെച്ചൊല്ലി നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷായും ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ സംവിധായകൻ സുദീപ്തോ സെന്നും തമ്മിൽ തർക്കം. കേരളാ സ്റ്റോറി 2 നിർമിച്ചത് കൃത്യമായ ഗവേഷണമില്ലാതെയാണെന്ന് സുദീപ്തോ സെൻ പറഞ്ഞിരുന്നു. വാട്ട്സാപ്പ് സന്ദേശങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ ചെയ്യാൻ താത്പര്യമില്ലെന്നും സെൻ പറഞ്ഞു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവായ വിപുൽ ഷാ.

സുദീപ്തോ സെന്നിന്റെ തിരക്കഥ മോശമായതിനാലാണ് അദ്ദേഹത്തെ രണ്ടാം ഭാഗത്തിൽനിന്ന് ഒഴിവാക്കിയതെന്ന് വിപുൽ ഷാ തിരിച്ചടിച്ചു. ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുദീപ്തോ സെന്നിന്റെ തിരക്കഥ അങ്ങേയറ്റം മോശമായിരുന്നു. തങ്ങൾ നടത്തിയ ഗവേഷണത്തെക്കുറിച്ച് സെന്നിന് അറിവില്ല. സിനിമയെ അനാവശ്യമായി ആക്രമിക്കുമ്പോൾ പ്രതികരിക്കാൻ താൻ നിർബന്ധിതനാകുകയാണെന്നും ഷാ വ്യക്തമാക്കി.

"ഞാൻ പറയും മുന്തിരിക്ക് പുളിയുണ്ടെന്ന്. സത്യം പറഞ്ഞാൽ, ഞാൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, പക്ഷെ ഞാൻ ഇത് അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം 'ദി കേരള സ്റ്റോറി 2'ന് വേണ്ടി ഒരു തിരക്കഥ എഴുതിയിരുന്നു, അത് വളരെ മോശമായിരുന്നു. ആ സിനിമ നിർമിക്കാൻ ഞാൻ ആഗ്രഹിച്ചില്ല, അതുകൊണ്ടാണ് ഞാൻ സംവിധായകനായി കാമഖ്യ നാരായൺ സിങ്ങിനെ തിരഞ്ഞെടുത്തത്. ഞങ്ങൾ എന്ത് ഗവേഷണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം മുഴുവൻ ഗവേഷണ പ്രക്രിയയിലും ഉൾപ്പെട്ടിരുന്നില്ല, അതിനാൽ എങ്ങനെയാണ് അദ്ദേഹത്തിന് അത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നത്? സിനിമ പുറത്തിറങ്ങി, അദ്ദേഹം നടത്തിയ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്ന് എനിക്കറിയാം. അത്രയേ എനിക്ക് പറയാനുള്ളൂ." വിപുൽ ഷായുടെ വാക്കുകൾ.

സങ്കീർണ്ണമായ വിഷയങ്ങൾക്ക് ആഴത്തിലുള്ള ഗവേഷണവും ദീർഘകാല പഠനവും ആവശ്യമാണ്. ആ അടിത്തറയില്ലാതെ, അത് ഉത്തരവാദിത്തത്തോടെ സംവിധാനം ചെയ്യാൻ തനിക്കാവില്ല എന്നാണ് കേരളാ സ്റ്റോറി 2-നെക്കുറിച്ച് സുദീപ്തോ സെൻ പറഞ്ഞത്. എന്നാൽ പിന്നീട് തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം തിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ അദ്ദേഹത്തിനെതിരെ വിപുൽ ഷാ രംഗത്തെത്തിയത്.

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത കേരളാ സ്റ്റോറി-2ൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. കേരള ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞുവെങ്കിലും പിന്നീട് കോടതി തന്നെ അത് പിൻവലിക്കുകയും പ്രദർശനത്തിന് അനുമതി നൽകുകയും ചെയ്തു. ആദ്യ ഭാഗത്തിന്റെ വിജയത്തിന് ശേഷം വന്ന രണ്ടാം ഭാഗത്തിന് ആ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Content Highlights: Producer Vipul Shah rejected original director Sudipto Sen's script for the sequel, calling it 'trash'., Sen criticized the sequel's research, initially claiming it was based on 'WhatsApp forwards'., The film faced a temporary stay on its release by the Kerala High Court, which was later lifted., The sequel has received mixed reviews and underperformed at the box office compared to the first film.