കങ്കണയുടെ 'തലൈവി' റിലീസ് പ്രഖ്യാപിച്ചു

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്.
നിര്‍മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്റെ കമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍ഡ് ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 'തായ്: പുരട്ചി തലൈവി' എന്നാണ് ഈ സിനിമയുടെ പേര്.
Content Highlights: Thalaivi release date announced April 23 2021, Kangana Ranaut, AL Vijay, Aravind Swamy, Shamna Kasim
Content Highlights: