വിവാഹവാഗ്ദാനം നൽകി 9.35 കോടി തട്ടി; തെലുങ്ക് നടിക്കെതിരേ കേസ്, വ്യാജപ്രചാരണമെന്ന് നടിയുടെ പ്രതികരണം

9.35 കോടി രൂപ തട്ടിയെടുത്തെന്നു കാണിച്ച് ലണ്ടനിൽ താമസമാക്കിയ സോഫ്റ്റ്‌വെയർ എൻജിനിയർ നൽകിയ പരാതിയിൽ തെലുങ്ക് നടിയും സാമൂഹികമാധ്യമ താരവുമായ വെങ്കട അശ്വനി റെഡ്ഡി (അശു റെഡ്ഡി)ക്കെതിരേ കേസ്. വൈ.വി. ധർമേന്ദ്ര എന്നയാളുടെ പരാതിയിലാണ് നടിക്കുപുറമേ പിതാവ് വെങ്കട കൃഷ്ണ കൊയ്യ, മാതാവ് കൊയ്യ യശോദ റെഡ്ഡി, സഹോദരി കൊയ്യ വെങ്കട ദിവ്യ റെഡ്ഡി എന്നിവർക്കെതിരേ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഹണി ട്രാപ്പിലൂടെ പണം തട്ടിയെന്നാണ് ധർമേന്ദ്രയ്ക്കുവേണ്ടി പിതാവ് യെൻമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയിലുള്ളത്. 2018 മുതൽ 2025 വരെയുള്ള കാലഘട്ടത്തിനിടെയാണ് പണം തട്ടിയതെന്നും പരാതിയിൽ പറയുന്നു. സെൻട്രൽ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു.
2018-ലാണ് ധർമേന്ദ്ര ആദ്യമായി നടിയെ പരിചയപ്പെടുന്നത്. പൊതുസുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയത്തിലായത്. താൻ യുഎസിൽ പഠനം പൂർത്തിയാക്കിയെന്നും തെലുങ്ക് സിനിമാ മേഖലയിൽ സജീവമാകാൻ ആഗ്രഹിക്കുന്നതായും നടി അറിയിച്ചു. പിന്നീട് ഇരുവരും പ്രണയത്തിലായി. വിവാഹംചെയ്യാമെന്ന് നടി ഉറപ്പും നൽകി.
നേരത്തേ വിവാഹിതനായ ധർമേന്ദ്ര വിവാഹമോചന നടപടികൾ നടന്നുവരികയാണെന്ന് നടിയെ അറിയിച്ചിരുന്നു. ഭൂതകാലം തനിക്ക് പ്രശ്‌നമല്ലെന്നും അത് ബന്ധത്തെ ബാധിക്കില്ലെന്നും നടി ഉറപ്പുനൽകി. പ്രണയബന്ധം ഏറെക്കാലം തുടർന്നു. ഇതിനിടെ, കുടുംബം സാമ്പത്തികമായി സഹായിക്കുന്നില്ലെന്നും എച്ച്‌വൺ ബി വിസ കലാവധി കഴിഞ്ഞുവെന്നും പറഞ്ഞ് നടി ഇന്ത്യയിലേക്ക് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. ധർമേന്ദ്രയോട് സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു.
നടിയുടെ വാക്കുകൾ വിശ്വസിച്ച ധർമേന്ദ്ര പല തവണയായി പണം കൈമാറി. തുടക്കത്തിൽ അടിസ്ഥാന ആവശ്യങ്ങൾക്കായിരുന്നു പണം ചോദിച്ചിരുന്നത്. പിന്നീട് ആഡംബര വാഹനങ്ങൾ മുതൽ വലിയ അളവിൽ സ്വർണ്ണവും റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കുമായി പണം ചോദിക്കാൻ തുടങ്ങി.
2020-ൽ വിവാഹമുറപ്പിക്കാൻ കുടുംബങ്ങൾ തമ്മിൽ കാണണമെന്ന് ധർമേന്ദ്ര ആവശ്യപ്പെട്ടു. വ്യക്തമായ കാരണം പറയാതെ നടി പിന്മാറി. തുടർന്ന് തെലുങ്ക് നടി ഹേമയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 70 ലക്ഷം രൂപ തിരികെ നൽകാമെന്ന് നടി സമ്മതിച്ചു. ഉറപ്പിനെന്നോണം ബ്ലാങ്ക് ചെക്കുകൾ കൈമാറി. എന്നാൽ പിന്നീട് നടി ഇത് തിരിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നു.
മറ്റ് വഴികളിലൂടെ പണം തിരികെ നൽകാമെന്നായിരുന്നു ഉറപ്പ്. എന്നാൽ ഇതും നടപ്പായില്ല. 2020 നവംബറിൽ ബന്ധപ്പെട്ടപ്പോൾ, നടി മാനസിക പ്രയാസത്തിലാണെന്നും ബന്ധം തുടരണമെന്നും അമ്മയും സഹോദരിയും ധർമേന്ദ്രയോട് ആവശ്യപ്പെട്ടു. എന്നാൽ, അതിന് ശേഷം നേരത്തെ നടന്ന സംഭവങ്ങൾ ആവർത്തിച്ചു. ഈ സമയത്തിനിടെ മൂന്നുകോടിയുടെ ഫ്‌ളാറ്റ് ഉൾപ്പെടെ നടിയുടെ നിർബന്ധത്തിന് വാങ്ങി.
എന്നാൽ, പിന്നീട് ബന്ധം വഷളാവുകയും 2025-ഓടെ പൂർണ്ണമായും തകരുകയും ചെയ്തു. കൂടുതൽ പണം കൈക്കലാക്കിയ ശേഷം നടി ബന്ധപ്പെടാതെയായി. വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറുകയും ചെയ്തു. ഇതാണ് പരാതിക്ക് ഇടയാക്കിയത്.
താനുമായി ബന്ധം തുടരുമ്പോൾ തന്നെ നടി മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ആ വ്യക്തിയുടെ പേരുൾപ്പെടെ പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഈ ബന്ധത്തെക്കുറിച്ച് കുടുംബത്തിന് അറിയാമായിരുന്നുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. തന്റെ പണം തട്ടിയെടുക്കാൻ കുടുംബം കൂടെ ഭാഗമായുള്ള ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് നടി പ്രതികരിച്ചു. വസ്തുതകൾ പരിശോധിക്കാതെ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നടി മുന്നറിയിപ്പു നൽകി.
Content Highlights: Software engineer files complaint against Ashu Reddy for 9.35 crore fraud. Allegations include honey trapping and marriage promises between 2018-2025. Case registered at Hyderabad Central Crime Station against actress and her family. Complainant alleges money was extorted for luxury cars, gold, and real estate. Actress Ashu Reddy denies allegations and threatens legal action against fake news