ക്യാമറ വാടകയ്ക്കെടുത്തിട്ട് മുഴുവൻ പൈസയും കൊടുത്തില്ല, ആര്യക്കെതിരെ കേസ്, കൊടുക്കാനുള്ളത് 1.80 കോടി

തമിഴ് നടൻ ആര്യക്കെതിരെ ഹൈദരാബാദിൽ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിലാണ് താരത്തിനെതിരെ പരാതി ലഭിച്ചിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അനന്തൻകാട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറകളും ലൈറ്റിംഗ് ഉപകരണങ്ങളും വാടകയ്‌ക്കെടുത്ത വകയിൽ 1.80 കോടി രൂപ കുടിശ്ശിക വരുത്തിയെന്നാണ് ആര്യക്കും 'അനന്തൻ കാട്' നിർമാതാവിനും അണിയറപ്രവർത്തകർക്കും എതിരെയുള്ള ആരോപണം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ക്യാമറ എക്യുപ്‌മെന്റ് റെന്റൽ കമ്പനിയാണ് പരാതി നൽകിയിരിക്കുന്നത്. ഈ കമ്പനി പ്രീമിയം ഡിജിറ്റൽ ക്യാമറകളും മറ്റ് ഷൂട്ടിംഗ് ഉപകരണങ്ങളും ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചു നൽകുകയും ചിത്രീകരണ വേളയിൽ മുഴുവൻ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. ആകെ 2.12 കോടി രൂപയുടെ ബില്ലാണ് നൽകിയതെന്നും എന്നാൽ ഇതിൽ ഒരു ചെറിയ ഭാഗം മാത്രമാണ് ലഭിച്ചതെന്നും ബാക്കി 1.80 കോടി രൂപയും ഇതുവരെ നൽകിയിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുൻപായി കുടിശ്ശികയുള്ള തുക നൽകാമെന്ന് നിർമാതാക്കൾ രേഖാമൂലം ഉറപ്പുനൽകിയിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ ഷൂട്ടിംഗിന് ശേഷം കത്തുകൾ, ഫോൺ വിളികൾ, വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവയിലൂടെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബാക്കി തുക നൽകാൻ ഇവർ തയ്യാറായില്ല. പണം ഉടൻ നൽകാമെന്ന വാഗ്ദാനം ലംഘിച്ചതോടെയാണ് കമ്പനി നിയമനടപടികളിലേക്ക് നീങ്ങിയത്.
കുടിശ്ശികയുള്ള തുക ആവശ്യപ്പെട്ട് എത്തിയ കമ്പനി മാനേജരെ നടൻ ആര്യയും നിർമാതാവ് വിനോദും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇതേത്തുടർന്ന് ജൂബിലി ഹിൽസ് പോലീസ് വഞ്ചനാക്കുറ്റത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സമർപ്പിക്കപ്പെട്ട രേഖകൾ പരിശോധിച്ചുവരികയാണെന്നും പരാതിയിൽ പറയുന്നവരെ ഉടൻ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. അതേസമയം ഈ വിവാദങ്ങളെക്കുറിച്ച് ആര്യയോ 'അനന്തൻ കാട്' ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
നിലവിൽ സന്തോഷ് ശ്രീവത്സൻ സംവിധാനം ചെയ്യുന്ന 'സീ യു' (See U) എന്ന ചിത്രത്തിന്റെ ജോലികളിലും തിരക്കിലുമാണ് ആര്യ. ഈ ചിത്രത്തിന്റെ സഹനിർമാതാവാണ് ആര്യ. കിഷൻ ദാസും സഞ്ജനയുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ. നിഖിൽ മുരളി സംവിധാനംചെയ്യുന്ന മറ്റൊരു ചിത്രവും ആര്യ നായകനായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയുടെ നാല്പതാമത്തെ ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന സിനിമയിൽ നിഖില വിമലും വൈഷ്ണവി ചൈതന്യയുമാണ് നായികമാർ.
Content Highlights: Tamil actor Arya and producer Vinod are facing legal action after a Hyderabad-based camera rental company filed a police complaint alleging ₹1.80 crore in unpaid dues and subsequent criminal intimidation during the shoot of the film Ananthan Kaadu.